ഡ്രൈവറില്ലാ കാറുകള്‍ ജര്‍മന്‍ നിരത്തുകളിലേക്കും
Wednesday, January 28, 2015 6:24 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ ഡ്രൈവറില്ലാ കാറുകള്‍ പരീക്ഷണത്തിനൊരുങ്ങുന്നു. ആദ്യപടിയായി ബവേറിയയിയെ എ 9 ഓട്ടോബാനിന്റെ(ഹൈവേ) ഒരു സെക്ഷന്‍ ടെസ്റ് റൂട്ടാക്കി മാറ്റുമെന്നു ഗതാഗതമന്ത്രി അലക്സാണ്ടണ്ടര്‍ ഡോബ്രിന്റ്.

ഈ വര്‍ഷംതന്നെ ഡിജിറ്റല്‍ ടെസ്റിംഗ് നടത്തുമെന്നാണു കരുതുന്നത്. ഡിജിറ്റല്‍ കാര്‍ വിപണിയില്‍ ജര്‍മനിയെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി തയാറാക്കിയിരിക്കുന്നത്.

പുതിയ സംവിധാനത്തില്‍ നിരത്തിലോടുന്ന വാഹനങ്ങള്‍ തമ്മില്‍ പരസ്പരം ആശയവിനിമയം ചെയ്യാനാവുന്ന വിധത്തില്‍ റോഡുകളുടെ രൂപഘടനയില്‍ മാറ്റം വരുത്തും.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് യൂറോപ്പില്‍ ജര്‍മനിയായിരിക്കും പുതിയ ഡ്രൈവര്‍ലെസ് കാറുകളുടെ ആദ്യത്തെ ഉപയോക്താക്കള്‍. ജര്‍മന്‍ ആഡംബരകാര്‍ നിര്‍മാതാക്കളായ ഔഡി പോയവാരത്തില്‍ ഡ്രൈവര്‍ലെസ് കാറുകള്‍ കാലിഫോര്‍ണിയയില്‍ പരീക്ഷണയോട്ടം നടത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍