ഗ്രീസിനു മുന്നില്‍ വിറയ്ക്കുമോ യൂറോപ്പ് ?
Wednesday, January 28, 2015 6:24 AM IST
ഏഥന്‍സ്: യൂറോ ഉപേക്ഷിക്കണ്ട, പക്ഷേ, ഈ നശിച്ച ചെലവുചുരുക്കല്‍ നിര്‍ത്തണം- ഇതാണ് അലക്സി സിപ്രാസിന്റെ അഭിപ്രായം. ഗ്രീസിന്റ നിയുക്ത പ്രധാനമന്ത്രിയായ സൈറിസ പാര്‍ട്ടിയുടെ മേധാവി പറയുന്നു.

യൂറോ തുടരാമെന്ന് ഗ്രീസ് പറഞ്ഞാലും തുടരണോ എന്നു തീരുമാനിക്കേണ്ടത് യൂറോപ്യന്‍ യൂണിയനാണ്. കാരണം, യൂറോപ്യന്‍ യൂണിയനില്‍നിന്നു വാങ്ങിയ സഹായ ധനത്തിന്റെ ഉപാധിയാണ് ഗ്രീസ് നടപ്പാക്കിവരുന്ന കടുത്ത ചെലവുചുരുക്കല്‍.

ഏഥന്‍സില്‍ ജനിച്ച സിപ്രാസ് സ്റാലിനിസ്റ് കമ്യൂണിസ്റ് പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാവായാണ് സിപ്രാസ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. 1990ല്‍ തന്റെ പതിനാറാം വയസിലാണ് അദ്ദേഹം സംഘടനയെ നയിച്ചു തുടങ്ങിയത്.

ഇരുപത്തഞ്ചാം വയസില്‍ ഇടതുപക്ഷ പാര്‍ട്ടി സിനാസ്പിസ്മോസിന്റെ യുവജന വിഭാഗം സെക്രട്ടറിയായി. സൈറിസയ്ക്ക് നേതൃത്വം നല്‍കുന്നത് സിനാസ്പിസ്മോസാണ്. അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ പാര്‍ട്ടി എക്സിക്യൂട്ടീവിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

ഏഥന്‍സ് മേയര്‍ സ്ഥാനത്തേക്കു മത്സരിച്ച സിപ്രാസ് പത്തര ശതമാനം വോട്ട് നേടി അദ്ഭുതം സൃഷ്ടിച്ചു. അതിനു മുന്‍പു നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു കിട്ടിയത് 3.3 ശതമാനം വോട്ട് മാത്രമായിരുന്നു. പിന്നാലെ പാര്‍ട്ടി നേതാവ് അലെകോസ് അലവാനോസ് രാജിവച്ച്, 2008ല്‍, തന്റെ ഇരുപത്താറാം വയസില്‍ സിപ്രാസ് പാര്‍ട്ടി നേതാവായി.

ഇപ്പോള്‍ യൂറോപ്പിലാകമാനം ശക്തി പ്രാപിക്കുന്ന സോഷ്യലിസ്റ്റ് - കമ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ പ്രകടോദാഹരണമായി ഗ്രീസിനെ നയിക്കാന്‍ സിപ്രാസ് തയാറെടുക്കുമ്പോള്‍ യൂറോപ്പിന്റെയാകെ കണ്ണുകള്‍ അദ്ദേഹത്തില്‍ ഉറച്ചിരിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍