പെരുമാള്‍ മുരുഗന് പ്രവാസ ലോകത്തിന്റെ ഐക്യദാര്‍ഢ്യം
Tuesday, January 27, 2015 5:50 AM IST
കുവൈറ്റ് സിറ്റി: സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെതുടര്‍ന്ന് എഴുത്ത് അവസാനിപ്പിക്കേണ്ടി വന്ന പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുഗന് കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച സാഹിത്യ സായാഹ്നം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഒരു സാഹിത്യകാരന്‍ എന്ത് എഴുതണം എങ്ങിനെ എഴുതണം എന്ന് നിര്‍ദ്ദേശിക്കുന്നയിടത്തേക്ക് ഇന്ത്യന്‍ ഫാസിസ്റുകള്‍ എത്തി എന്നുള്ള ഭീതീജനകമായ അന്തരീക്ഷമാണ് ഇത് സൃഷ്ടിക്കുന്നത്. ഫാസിസത്തിന് മുന്നിലെ പരാജയം സമ്മതിക്കലല്ല പെരുമാള്‍ മുരുഗന്റെ സ്വയം വിരമിക്കല്‍, മറിച്ച് ഫാസിസ്റ് രാജ്യം എങ്ങനെയിരിക്കും എന്നതിനെക്കുറിച്ച് നമുക്ക് മുന്നറിയിപ്പ് നല്‍കുകയാണ് അദ്ദേഹം. സകലവിധ ആവിഷ്കാര സ്വതന്ത്രങ്ങളെയും തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ അണിചേരാന്‍ കുവൈറ്റിലെ സാഹിത്യ പ്രവര്‍ത്തകര്‍ പങ്കെടുത്ത സാഹിത്യ സമ്മേളനം ആഹ്വാനം ചെയ്തു. അബ്ബാസിയ മേഖല സെക്രട്ടറി സി.കെ.നൌെഷാദാണ് പ്രമേയം അവതരിപ്പിച്ചത്.

കല കുവൈറ്റിന്റെ മുഖപത്രമായ കൈത്തിരിയുടെ പുതിയ ലക്കത്തിന്‍റെ പ്രകാശനത്തിന്റെ ഭാഗമായി നടന്ന 'പ്രവാസ സാഹിത്യം ഇന്ന്' സാഹിത്യ സായാഹ്ന പരിപാടിയില്‍ അബു ഹലീഫബി യൂണിറ്റ് കണ്‍വീനര്‍ ജിതിന്‍ പ്രകാശ് വിഷയം അവതരിപ്പിച്ചു. മംഗഫിലെ ഫഹഹീല്‍ കലാ സെന്ററില്‍ ചേര്‍ന്ന പരിപാടിയില്‍ കല കുവൈറ്റ് പ്രസിഡന്റ് ജെ.സജി അദ്ധ്യക്ഷനായിരുന്നു. തുടര്‍ന്ന്! നടന്ന ചര്‍ച്ചകള്‍ക്ക് എഴുത്തുകാരന്‍ ജോണ്‍ മാത്യു തുടക്കം കുറിച്ചു.

'കൈത്തിരി'യുടെ പ്രകാശനം ജോണ്‍ മാത്യു, സാം പൈനുംമൂടിന് നല്‍കി നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന സംവാദത്തില്‍ പ്രേമന്‍ ഇല്ലത്ത്, പരമേശ്വരന്‍, സാം പൈനുംമൂട്, ഹരിരാജ്, വികാസ് കീഴാറ്റൂര്‍, ബാലകൃഷ്ണന്‍, ഹബീബ്റഹ്മാന്‍, സലിംരാജ്, എന്നിവര്‍ സംസാരിച്ചു. സുശീല്‍ വയലാറിന്റെ അശ്വമേധം കവിത ആലപിച്ചു. സുനില്‍, ബാലകൃഷന്‍ എന്നിവര്‍ തങ്ങളുടെ പുസ്തകങ്ങള്‍ കലയുടെ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു, ജനറല്‍ സെക്രട്ടറി ടി.വി.ജയന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

ചടങ്ങിനു സാഹിത്യവിഭാഗം സെക്രട്ടറി ഷാജു.വി.ഹനീഫ് സ്വാഗതവും ഫഹഹീല്‍ മേഖല സെക്രട്ടറി സുഗതകുമാര്‍ നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍