നരേന്ദ്ര മോദിയുടെ യഥാര്‍ഥ മുഖം ജനങ്ങള്‍ തിരിച്ചറിഞ്ഞു: ടി.എന്‍. പ്രതാപന്‍
Sunday, January 25, 2015 11:18 AM IST
റിയാദ്: നരേന്ദ്ര മോദിയുടെയും ബിജെപി പ്രസിഡന്റ് അമിത് ഷായുടെയും കോണ്‍ഗ്രസ് വിമുക്തഭാരതമെന്ന സ്വപ്നം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിക്കുമെന്നു കോണ്‍ഗ്രസ് നിയമസഭാകക്ഷി ചീഫ് വിപ്പും മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ടി.എന്‍. പ്രതാപന്‍ എംഎല്‍എ.

വര്‍ഗീയതയുടെ മുഖമൂടി ഒളിച്ചുവച്ച് ജനങ്ങളെ കബളിപ്പിക്കുന്ന നരേന്ദ്ര മോദിയുടെ യഥാര്‍ഥ മുഖം ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. താന്‍ അധികാരത്തില്‍ എത്തിയാല്‍ നൂറു ദിവസത്തിനുള്ളില്‍ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നു പറഞ്ഞ മോദി കോണ്‍ഗ്രസ് അവരുടെ പേരുകള്‍ ഒളിപ്പിച്ചുവെന്ന് കള്ളപ്രചാരണം നടത്തി. അധികാരത്തില്‍ വന്ന് നൂറു ദിനങ്ങള്‍ പിന്നിട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത മോദി സര്‍ക്കാര്‍ കള്ളപ്പണം തിരിച്ചെത്തിക്കുന്നത് പ്രയാസകരമായ കാര്യമാണെന്നാണ് ഇപ്പോള്‍ പറയുന്നത്.

കോണ്‍ഗ്രസ് നടപ്പാക്കിയ പദ്ധതികള്‍ പേരുമാറ്റി സ്വന്തം ഭരണനേട്ടമായി ചിത്രീകരിക്കാന്‍ നടക്കുന്ന നരേന്ദ്രമോദി അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് വില 46 ഡോളറില്‍ എത്തിയിട്ടും അതിന് ആനുപാതികമായി വില കുറയ്ക്കാന്‍ ശ്രമിക്കാതെ എണ്ണക്കമ്പനികളുമായി ഒത്തുകളിച്ച് കോടികളുടെ ലാഭം കൊയ്യുകയാണ്. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ഒത്താശ ചെയ്യുന്ന ഭരണമാണു നരേന്ദ്ര മോദി നടത്തിക്കൊണ്ടിരിക്കുന്നത് ഇതിനെതിരെ ശക്തമായി ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്െടന്നു പ്രതാപന്‍ പറഞ്ഞു.

ജൈവ പച്ചക്കറികളുടെ പ്രചാരണം ശക്തമാക്കുന്നതിനെക്കുറിച്ചും താന്‍ നടത്തുന്ന ജൈവ പച്ചക്കറികൃഷിയെക്കുറിച്ചും യോഗത്തില്‍ പ്രതാപന്‍ വിശദീകരിച്ചു. ഒഐസിസി റിയാദ്, ജിദ്ദ തൃശൂര്‍ ജില്ലാ കമ്മറ്റികള്‍ ജൈവഗ്രാമം സന്ദര്‍ശിക്കാനും കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷിനടത്താനും അതിനുവേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും. എല്‍എല്‍എയുടെ വാഗ്ദാനം ജില്ലാ കമ്മിറ്റികള്‍ സീകരിക്കുകയും ചെയ്തു.

'പിറന്ന മണ്ണില്‍ ജീവിക്കാനായി' എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ടി.എന്‍. പ്രതാപന്‍ നയിക്കുന്ന യാത്ര ഫെബുവരി 15 ന് കാസര്‍ഗോഡ്നിന്നാരംഭിച്ച് തിരുവനന്തപുരത്തു സമാപിക്കും കാടിന്റെ മക്കളെ സംരക്ഷിക്കാനും കടലിന്റെ മക്കളെ സംരക്ഷിക്കാനും അവരുടെ ജീവിതപ്രശ്നങ്ങള്‍ ഉയര്‍ത്തിപിടിച്ച് നടത്തുന്ന യാത്ര ജനമുന്നേറ്റയാത്രയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഒഐസിസി റിയാദ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ക്ഷണം സീകരിച്ച് റിയാദില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു പ്രതാപന്‍.

സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സുരേഷ് ശങ്കര്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞികുംബള സീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സീകരണസമ്മേളനത്തില്‍ മാള മൊഹിയുദീന്‍, നാസര്‍ അബൂബക്കര്‍, ജോണ്‍ റാല്‍ഫ് എന്നിവരെ മെമന്റോ നല്‍കി ആദരിച്ചു. പിആര്‍സി ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി തുടങ്ങിയ സംഘടനകള്‍ ടി.എന്‍ പ്രതാപന് മൊമെന്റോ നല്‍കി ആദരിച്ചു. കെഎംസിസി ഭാരവാഹികള്‍, തൃശൂര്‍ ജില്ലാ കൂട്ടായിമ, തൃശൂര്‍ ജില്ലാ സൌഹൃദവേദി തുടങ്ങി നിരവധി സംഘടനകള്‍ അദ്ദേഹത്തെ കാണുന്നതിനും ആദരിക്കുന്നതിനും എത്തിയിരുന്നു

യഹിയ കൊടുങ്ങല്ലൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, സജി കായംകുളം, അര്‍ഷുല്‍ അഹമ്മദ്, സത്താര്‍ കായംകുളം, അബ്രഹാം നെല്ലായി, വിന്‍സെന്റ് മഞ്ഞിലാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അന്‍സായി ഷൌക്കത്ത്,അഷ്റഫ് കീഴ്പുള്ളികര, ഇസ്മയില്‍ വാല്യത്ത്, ദാവൂദ് ഷാ, മെയ്തീന്‍ കോയ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി നാസര്‍ വലപ്പാട് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍