ജിസിസി റെയില്‍ പദ്ധതി: നിര്‍മാണത്തിനു സ്ഥലം അനുവദിക്കാന്‍ മുനിസിപ്പല്‍ കൌണ്‍സില്‍ അനുമതി
Sunday, January 25, 2015 11:16 AM IST
കുവൈറ്റ് : കുവൈറ്റില്‍നിന്ന് ഒമാനിലേക്കു ജിസിസി തലത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്ന റെയില്‍ പദ്ധതിക്കു കുവൈറ്റ് പരിധിയില്‍പ്പെട്ട ഭാഗത്തു പാളം നിര്‍മിക്കുന്നതിനു സ്ഥലം അനുവദിക്കാന്‍ മുനിസിപ്പല്‍ കൌണ്‍സില്‍ അനുമതി നല്‍കി.

തെക്കെ അതിര്‍ത്തിമുതല്‍ വടക്കേ അതിര്‍ത്തവരെ കുവൈറ്റ് പരിധിയില്‍ പാളം നിര്‍മിക്കുന്നതിനായി ആദ്യഘട്ടം 70 മീറ്റര്‍ വീതിയിലാണു സ്ഥലം അനുവദിക്കുക. പബ്ളിക് അഥോറിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസിന്റെ കീഴിലുള്ള ലൈവ്സ്റോക്ക് പദ്ധതിയുടെ സ്ഥലം, സതേണ്‍ എയര്‍ബേസിന്റെ കീഴിലുള്ള സ്ഥലം, വിദ്യാഭ്യാസമന്ത്രാലയത്തിനു കീഴിലുള്ള സ്കൌട്ട് ക്യാമ്പ് സൈറ്റില്‍നിന്നുമുള്ള സ്ഥലം എന്നിവ റെയില്‍ പദ്ധതിക്കായി ഏറ്റെടുക്കും. കൂടാതെ കുവൈറ്റ് ഫോര്‍മില്ലിന്റെയും പബ്ളിക് അഥോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രീസിന്റെയും ഉടമസ്ഥതയിലുള്ള വെയര്‍ഹൌസുകളും വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ കീഴിലുള്ള ടിവി ട്രാന്‍സ്മിഷന്‍ ടവറുകളും മാറ്റി സ്ഥാപിക്കും. കുറഞ്ഞ വരുമാനക്കാരായ വിദേശികളെ പാര്‍പ്പിക്കുന്നതിനു സിറ്റി പണിയാന്‍ നിര്‍ദേശിച്ച സ്ഥലവും റെയില്‍ പദ്ധതിക്കായി ഉപയോഗിക്കേണ്ടിവരും. വഫ്റയില്‍ റെയില്‍ ട്രാക്കിനുവേണ്ടി സ്ഥലം നഷ്ടമാകുന്ന കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കുമെന്നും മുനിസിപ്പല്‍ കൌണ്‍സില്‍ അറിയിച്ചു. കൂടുതലായി 200 മീറ്റര്‍ വീതിയില്‍ സ്ഥലം നല്‍കുന്നതു സംബന്ധിച്ചു പഠനം നടത്തി തീരുമാനമെടുക്കും. കുവൈറ്റില്‍നിന്ന് ഒമാന്റെ തലസ്ഥാനമായ മസ്കറ്റ് വരെ നീളുന്ന പദ്ധതി 2018ഓടെ യാഥാര്‍ഥ്യമാകും. 2117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍ പദ്ധതി അബുദാബി, ദുബായ്, ഫുജൈറ, സോഹര്‍ വഴിയായിരിക്കും കടന്നുപോകുക. ബഹറിനിലേക്കും ഖത്തറിലേക്കും എക്സ്റന്‍ഷന്‍ ലൈനുകളും ഉണ്ടായിരിക്കും.

നിലവില്‍ ജിസിസി രാജ്യങ്ങളിലെ ജനങ്ങള്‍ പൊതു ഗതാഗതത്തിനായി ബസ് സര്‍വീസുകളെയാണ് ആശ്രയിക്കുന്നത്. ഇതു ദിനംപ്രതി ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഗതാഗതപ്രശനത്തിന് ഒരു പരിഹാരമാകും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍