തിരുവല്ല അസോസിയേഷന്‍ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു
Sunday, January 25, 2015 10:37 AM IST
ഡാളസ്: തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസിന്റെ എട്ടാമത് ക്രിസ്മസ്, പുതുവത്സര ആഘോഷം ജനുവരി നാലിനു വൈകുന്നേരം ആറിനു കരോള്‍ട്ടനിലെ ഇന്ത്യന്‍ ക്രീക്ക് ക്ളബ് ഹൌസില്‍ നടന്നു.

സെക്രട്ടറി ബിജു വര്‍ഗീസിന്റെ സ്വാഗത പ്രസംഗത്തിനുശേഷം പ്രസിഡന്റ് സോണി ജേക്കബിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ മുഖ്യാതിഥിയായി എത്തിയ റവ. നൈനാന്‍ ജേക്കബ് ക്രിസ്മസ്, പുതുവത്സര സന്ദേശം നല്‍കി. ഈ കാലങ്ങളില്‍ സമാധാനവും സ്നേഹവും കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അതോടൊപ്പം തിരുവല്ലയുടെ പഴയ ഓര്‍മകള്‍ അദ്ദേഹം പങ്കു വച്ചതും സദസിനു പുതിയ ഒരു അനുഭവമായി.

ജൂണില്‍ വൈഎംസിഎയുടെ പ്രോജക്ടിനുള്ള ധനസഹായം കൈമാറുമെന്നു പ്രസിഡന്റ് സോണി ജേക്കബ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിക്കവേ വ്യക്തമാക്കി.

ആശംസാ പ്രസംഗത്തില്‍ സുജന്‍ കാക്കനാടും ടി.സി. ചാക്കോയും അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ ശ്ളാഘിച്ചു. പേപ്പറിലും ഇന്റര്‍നെറ്റിലും മാത്രം ഒതുങ്ങുന്ന പല സംഘനകളേക്കാളും വളരെ മുന്നിലായി മാതൃകാ പരമായ പ്രവര്‍ത്തനങ്ങളാണ് എട്ടു വര്‍ഷമായി ഡാളസിലുള്ള തിരുവല്ല അസോസിയേഷന്‍ നടത്തുന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

വിവിധ കലാ പരിപാടികള്‍ക്കുശേഷം ക്രിസ്മസ് ഡിന്നറിനും തിരുവല്ല അസോസിയേഷനെ സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാവര്‍ക്കും മാത്യു സാമുവല്‍ നന്ദി പറഞ്ഞു. ബിജു വര്‍ഗീസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍