അബ്ദുള്ള രാജാവിന്റെ വിയോഗത്തില്‍ വിവിധ സംഘടനകള്‍ അനുശോചിച്ചു
Sunday, January 25, 2015 10:36 AM IST
ജിദ്ദ: സൌദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ വിയോഗത്തില്‍ ഗള്‍ഫ് മലയാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അനുശോചിച്ചു.

ഇന്ത്യന്‍ സമൂഹത്തോട് എന്നും മമത കാണിച്ചിട്ടുള്ള ഭരണാധികാരിയായിരുന്നു രാജാവ്. നിതാഖാത് കാലയളവില്‍ വിദേശികള്‍ക്ക് രേഖകള്‍ ശരിപ്പെടുത്തുന്നതിനുള്ള സമയം ദീര്‍ഘിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം സൌദി ഭരണകൂടം അംഗീകരിച്ചതും രാജാവിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ സൌദിയുടെ പുറത്ത് സുപ്രധാന കരാറില്‍ ഒപ്പുവച്ചതും ഇതിന്റെ ഭാഗമായിരുന്നുവെന്നും അനുശോചന പ്രമേയത്തില്‍ പറഞ്ഞു.

ചെയര്‍മാന്‍ അഷ്റഫ് കളത്തിങ്ങല്‍പാറ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന്‍ തൊഴിയൂര്‍, കമാല്‍ ഇടപ്പള്ളി, ജാസിം കാരാടന്‍, അഷ്റഫ് പൊന്‍മള, അലാം റഫീഖ്, റഹീം വി.കെ. പടി, ഇസ്മായില്‍ ചെമ്മാട്, അലി അക്ബര്‍ കരുവാന്‍ എന്നിവര്‍ പ്രസംഗിച്ചു.

തിരുഗേഹങ്ങളുടെ സേവകന്‍ സൌദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസിന്റെ വിയോഗത്തില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് വെസ്റേണ്‍ റീജണല്‍ കമ്മിറ്റി അനുശോചിച്ചു.

അതിരുകളില്ലാത്ത മനുഷ്യസ്നേഹത്തിന്റെ മഹനീയ മാതൃക ഭരണാധികാരിയായിരുന്നു അദേഹം, ആധുനിക കാലത്ത് ശക്തമായ രാജ്യമായി ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സൌദി അറേബ്യയെ നിലനിര്‍ത്താന്‍ അദേഹത്തിനു കഴിഞ്ഞു. 2006 ല്‍ റിപ്പബ്ളിക് ദിനത്തില്‍ മുഖ്യാതിഥിയായി ഭാരതത്തില്‍ എത്തിയ അദ്ദേഹം എന്റെ രണ്ടാം ഗ്രഹമാണെന്നുള്ള പ്രഖ്യാപനം എതൊരു ഇന്ത്യക്കാരെനെയും പുളകം കൊള്ളിക്കുന്ന ഒന്നായിരുന്നുവെന്ന് അനുശോചനക്കുറിപ്പില്‍ പ്രസിഡന്റ് കെ.ടി.എ. മുനീര്‍ പറഞ്ഞു.

വിദേശികളുടെ സുരക്ഷയും തൊഴില്‍ സംരക്ഷണവും പൊതുമാപ്പും നല്‍കി, കരുണയുടെ ഉദാത്ത പ്രതീകമായിരുന്ന അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസിന്റെ വിയോഗത്തില്‍ സൈന്‍ ജിദ്ദ ചാപ്റ്റര്‍ അനുശോചിച്ചു.

ആധുനിക സൌദി അറേബ്യയുടെ വക്താവും ദീര്‍ഘവീക്ഷണമുള്ളതും സര്‍വതോന്മുഖവുമായ വികസനത്തിന്റെ വിശിഷ്യ വിദ്യാഭ്യാസ വിസ്ഫോടനത്തിന്റെ നായകനായി മാറിയ ഇരു വിശുദ്ധ ഗേഹങ്ങളുടെ സംരക്ഷകന്‍ കൂടിയായ അബ്ദുള്ള രാജാവ് വരുത്തിയ പുരോഗതി ലോകത്തുള്ള എല്ലാ ഭരണാധികാരികള്‍ക്കും മാതൃകകൂടിയാണെന്നും സൈന്‍ ഡയറക്ടര്‍ സലാഹ് കാരാടന്‍ പറഞ്ഞു.

എല്ലാ ജനവിഭാഗങ്ങളോടും സൌഹാര്‍ദ സൌമനസ്യം പ്രകടിപ്പിച്ച മഹാനായ രാജാവായിരുന്നു ഇരുഹറമുകളുടേയും സേവകനായിരുന്ന അബ്ദുള്ള രാജാവ് എന്ന് ഐസിഎഫ് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു.

സ്വന്തം ജനതയോടു കാരുണ്യം കാണിക്കുന്നതോടുകൂടി വിദേശികള്‍ക്ക് ഏറെ ഗുണകരമായ കാര്യങ്ങളാണ് അദ്ദേഹം നടപ്പാക്കിയത്. സൌദിവത്കരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിതാഖാത്ത് നിയമം പ്രാബല്യത്തിലായപ്പോള്‍ വര്‍ഷങ്ങളായി നിയമക്കുരുക്കുകളില്‍ പ്രയാസപ്പെട്ടിരുന്ന അനേകമാളുകള്‍ക്ക് ഒരു വ്യവസ്ഥകളും ഇല്ലാതെ പൊതുമാപ്പു നല്‍കുകയും നിയമവിധേയമാകുന്നതിനും ജോലികള്‍ നേരിടുന്നതിനുമായി ഇളവുകള്‍ പ്രഖ്യാപിച്ച് കാരുണ്യം കാണിച്ച് അബ്ദുള്ള രാജാവിന്റെ നടപടികള്‍ പ്രത്യേകം സ്മരണീയമാണ്.

അനുശോചനയോഗത്തില്‍ ശാഫി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ എറണാകുളം ഉദ്ഘാടനം ചെയ്തു. അബ്ദുള്ള റഹ്മാന്‍ മളാഹിരി, മുസ്തഫ സഅദി, അബ്ദുള്ള മജീദ് സഖാഫി, അബ്ദുള്‍ നാസിര്‍ അന്‍വരി ക്ളാരി എന്നിവര്‍ പ്രസംഗിച്ചു. ബഷീര്‍ പറവൂര്‍ സ്വാഗതവും സലീം മദനി നന്ദിയും പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തും നിര്‍വഹിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 'മലികുല്‍ ഇന്‍സാനിയ' അഥവാ മനുഷ്യത്വത്തിന്റെ രാജാവ് എന്നും ജീവിതവിശുദ്ധിയുടെ പേരില്‍ 'അല്‍ മലികുസാലിഹ്' അഥവാ സച്ചരിത നായകന്‍ എന്നും അറിയപ്പെടുന്ന സൌദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ വിയോഗത്തില്‍ തനിമ കേന്ദ്ര സെക്രട്ടറിയറ്റ് അനുശോചിച്ചു.

ഇന്ത്യ സന്ദര്‍ശിക്കുകയും ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തുകയും ചെയ്ത അബ്ദുള്ള രാജാവിനെ ഇന്ത്യന്‍ പ്രവാസികള്‍ എന്നും ആദരവോടെ മാത്രമേ ഓര്‍ക്കുകയുള്ളൂ. ഇസ്ലാമിനും മുസ്ലിംസമൂഹത്തിനും ലോക ജനതയ്ക്കുതന്നെയും അബ്ദുള്ള രാജാവ് നല്‍കിയ മഹത്തായ സേവനത്തിനു അല്ലാഹു തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ എന്നും തനിമ കേന്ദ്ര പ്രസിഡന്റ് സി.കെ മുഹമ്മദ് നജീബ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഇരു ഹറമുകളുടെയും ചരിത്രത്തിലെ ഏറ്റവും വലിയ വികസനത്തിനു നാന്ദി കുറിച്ച നേതാവായിരുന്നു അബ്ദുള്ള രാജാവ്. പൊതുമാപ്പു പ്രഖ്യാപനത്തിലൂടെ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം എന്ന് ഐഡിസി സെക്രട്ടറിയേറ്റ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

യോഗത്തില്‍ അദ്ദേഹത്തിനുവേണ്ടി പ്രത്യേക പ്രാര്‍ഥനയും നടത്തി.

റിയാദ്: ആധുനിക സൌദിയുടെ ശില്‍പ്പിയും വിശുദ്ധ ഹറമുകളുടെ സേവകനുമായിരുന്ന അബ്ദുള്ള രാജാവിന്റെ വിയോഗത്തില്‍ ഐസിഎഫ് നാഷണല്‍ കമ്മിറ്റി അനുശോചനം അറിയിച്ചു.

വര്‍ത്തമാനലോകത്തു ഭീഷണിയായി വളരുന്ന തീവ്രവാദത്തോടു സന്ധിയില്ലാത്ത നയനിലപാടുകള്‍ സ്വീകരിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകം എന്നും സ്മരിക്കുമെന്നും അനുശോചനക്കുറിപ്പില്‍ നേതാക്കള്‍ അറിയിച്ചു.

സയിദ് ഹബീബ് അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. സയിദ് അബ്ദുള്‍ റഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, അബൂബക്കര്‍ അന്‍വരി, അബ്ദുള്‍ റഹീം പാപ്പിനിശേരി, നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍