'മഹല്ല് കമ്മറ്റികള്‍ നാടിന്റെ പൊതു ഇടമാകണം'
Sunday, January 25, 2015 10:33 AM IST
ജിദ്ദ: വിശ്വാസികളുടെ സമൂഹ്യപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ഇടം മഹല്ലുകളാണെന്നും മഹല്ലുകള്‍ ശാസ്ത്രീയമായി ആസൂത്രണം ചെയ്തു പ്രവര്‍ത്തിക്കുകയാണെങ്കില്‍ നാടിന്റെ സര്‍വതോന്മുഖമായ വികസനത്തിനു കേന്ദ്രമാക്കി മാറ്റാന്‍ സാധിക്കുമെന്നും സൈന്‍ വൈസ് പ്രസിഡന്റ് അബ്ദുള്ള ദാരിമി പറഞ്ഞു.

'നാടിന്റെ നന്മ മഹല്ല് ശാക്തീകരണത്തിലൂടെ' എന്ന പ്രമേയവുമായി സൈന്‍ ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച മഹല്ല് പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സംഘടനാ പ്രതിനിധികള്‍ക്കും ജിദ്ദയിലുള്ള മഹല്ല് ഭാരവാഹികള്‍ക്കും വേണ്ടിയാണ് സൈന്‍ പരിപാടി സംഘടിപ്പിച്ചത്. സൈന്‍ ജിദ്ദ ചാപ്റ്റര്‍ ഡയറക്ടര്‍ സലാഹ് കാരാടാന്‍ അധ്യക്ഷത വഹിച്ചു. സൈന്‍ വൈസ് പ്രസിഡന്റ് കെ.എം അബ്ദുള്ള, ഡോ. ഇസ്മയില്‍ മരിതേരി എന്നിവര്‍ മഹല്ലുകളുടെ പ്രവര്‍ത്തങ്ങള്‍ ക്രിയാത്മകമായി രൂപപ്പെടുത്തേണ്ടത് എങ്ങനെയെന്നു വിശദീകരിച്ചു.

ബഷീര്‍ തൊട്ടിയന്‍ സൈന്‍ മഹല്ല് കോ-ഓര്‍ഡിനേഷന്‍ ഭാവി പരിപാടികള്‍ വിശദീകരിച്ചു. ഡോ. മുഹമ്മദ് കാവുങ്ങല്‍, നിസാം മമ്പാട്, എന്‍.എം ജമാലുദ്ദീന്‍, അഷ്റഫ് കൊയിപ്ര എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി. അനസ് പരപ്പില്‍ സ്വാഗതവും അഷറഫ് പൊന്നാനി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍