തോമസ് മാര്‍ യൌസേബിയൂസ് മെത്രാപ്പോലീത്ത വിയന്ന സന്ദര്‍ശിക്കുന്നു
Sunday, January 25, 2015 10:32 AM IST
വിയന്ന: മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപനും കാനഡ യൂറോപ്പ് മേഖലയുടെ അപ്പസ്തോലിക് വിസിറ്റേറ്ററുമായ ഡോ. തോമസ് മാര്‍ യൌസേബിയൂസ് മെത്രാപ്പോലിത്ത ജനുവരി 31 ഫെബ്രുവരി ഒന്ന് തീയതികളില്‍ വിയന്നയിലെ മാര്‍ ഈവാനിയോസ് മലങ്കര മിഷന്‍ സന്ദര്‍ശിക്കും. ഫാ. ഏബ്രഹാം ലൂക്കോസ് മെത്രാപ്പോലിത്തയെ അനുഗമിക്കും. വിയന്നയില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂണിറ്റ് തുടങ്ങിയതിനു ശേഷം മാര്‍ യൌസേബിയൂസ് മെത്രാപ്പോലിത്ത നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.

ജനുവരി 31 (ശനി) രാവിലെ എട്ടിനു വിയന്ന റെയില്‍വേ സ്റേഷനില്‍ എത്തിച്ചേരുന്ന തിരുമേനിയെ വികാരി ഫാ. തോമസ് പ്രശോഭും യൂണിറ്റ് പ്രസിഡന്റ് പ്രിന്‍സ് പത്തിപ്പറമ്പിലും മറ്റ് ഇടവക ഭാരവാഹികളും ചേര്‍ന്നു സ്വീകരിക്കും. വൈകുന്നേരം അഞ്ചിനു ബ്രൈറ്റെന്‍ഫെല്‍ഡ് പള്ളിയില്‍ നടക്കുന്ന മലങ്കര കത്തോലിക്കാ യുവജന സംഗമം (എംസിവൈഎം) മെത്രോപ്പോലീത്ത ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പിതാവിന്റെ ക്ളാസും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. സമ്മേളനം സ്നേഹവിരുന്നോടെ സമാപിക്കും.

ഫെബ്രുവരി ഒന്നിനു(ഞായര്‍) രാവിലെ 11.30നു തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ബ്രൈറ്റെന്‍ഫെല്‍ഡ് ദേവാലയത്തില്‍ സമൂഹബലിയും തുടര്‍ന്ന് ഉച്ചഭക്ഷണത്തിനുശേഷം ഇടവക സംഗമവും പൊതുസമ്മേളനവും നടക്കും. സമ്മേളനത്തില്‍ മലങ്കര കത്തോലിക്കാ സഭയുടെ രണ്ടാമത്തെ അധ്യക്ഷനും തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്തയുമായിരുന്ന ബെനഡിക്റ്റ് മാര്‍ ഗ്രിഗോറിയോസിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ പിതാവ് ഉദ്ഘാടനം ചെയ്യും.

ആഘോഷ പരിപാടികളിലേക്ക് ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോബി ആന്റണി