കെഎച്ച്എന്‍എ ദാര്‍ശനിക സംവാദം; സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും
Sunday, January 25, 2015 10:31 AM IST
ഡാളസ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2015 ഡാളസ് കണ്‍വന്‍ഷനില്‍ നടക്കുന്ന ദാര്‍ശനിക സംവാദം പ്രമുഖ മലയാള നോവലിസ്റും ചിന്തകനുമായ സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ജൂലൈ രണ്ടു മുതല്‍ ആറു വരെ നടക്കുന്ന സമ്മേളനത്തില്‍ 'വേദ സാഹിത്യത്തെ പ്രതിരോധിക്കുന്ന ആധുനിക മലയാള സാഹിത്യത്തിലെ പ്രവണതകള്‍' എന്ന വിഷയത്തെ അധികരിച്ചായിരിക്കും മലയാളത്തിലെ ആനുകാലിക സമസ്യകളെയും പൈതൃകത്തെയും ആധുനിക സയന്‍സിനോടു സമഞ്ജമായ സമന്വയിപ്പിച്ച കഥാകാരനായ രാധാകൃഷ്ണന്‍ സംസാരിക്കുക.

ശാസ്ത്ര സംസ്കാരവും സാഹിത്യസംസ്കാരവും സമര്‍ഥമായി സമ്മേളിപ്പിച്ചിരിക്കുന്ന 'മുമ്പേ പറക്കുന്ന പക്ഷികള്‍' എന്ന നോവല്‍ 1990-ലെ വയലാര്‍ അവാര്‍ഡ് നേടി. ബെസ്റ് സെല്ലര്‍ ആയിരുന്നു.

ശാസ്ത്രജ്ഞന്റെ സത്യദര്‍ശവും സാഹിത്യകാരന്റെ സ്നേഹദര്‍ശനവും ഒത്തുചേരുന്ന, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച അദ്ദേഹത്തിന്റെ മറ്റൊരു നോവലായിരുന്നു 'സ്പന്ദമാപിനികളേ നന്ദി'. ഒരു ഡസനോളം നോവലുകളുടെയും അസംഖ്യം ചെറുകഥകളുടേയും, വൈജ്ഞാനിക ശാസ്ത്ര ഗ്രന്ഥങ്ങളുടേയും കര്‍ത്താവായ രാധാകൃഷ്ണന്റെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന, ഭാഷാപിതാവിന്റെ ജീവിതകഥ പറയുന്ന കൃതിയാണ് 'തീക്കടല്‍ കടഞ്ഞ് തിരുമധുരം'. മലയാള നോവലിന്റെ സമീപകാല ചരിത്രത്തിലെ ഒരു ഇതിഹാസമെന്നു നാളെ ഈ നോവല്‍ വിലയിരുത്തപ്പെട്ടാലും അദ്ഭുതമില്ലെന്നു പ്രശസ്ത എഴുത്തുകാരന്‍ ആനന്ദ് ഈ കൃതിയെ വിലയിരുത്തുന്നു.

മലയാള സാഹിത്യത്തില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന മൌലികതകളെയും കാലികമായ വ്യതിയാനങ്ങളെയും നിരൂപണം ചെയ്യുന്ന സാഹിത്യസദസില്‍ അമേരിക്കന്‍ സാഹിതീക്ഷേത്രത്തിലെ നിറദീപമായ ഡോ. എം.വി. പിള്ള അധ്യക്ഷത വഹിക്കും. ചര്‍ച്ചയില്‍ പങ്കെടുത്ത് ലാന മുന്‍ പ്രസിഡന്റ് വാസുദേവ് പുളിക്കല്‍, പ്രമുഖ നരവംശ ശാസ്ത്രജ്ഞനും പ്രഭാഷകനുമായ ഡോ. എ.കെ.ബി പിള്ള, സാമൂഹ്യ ചിന്തകനായ അശോകന്‍ വേങ്ങേരി, മുരളി ജെ. നായര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

സുരേന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം