'ഖുര്‍ആന്‍ വായനയുടെ വസന്തം'
Saturday, January 24, 2015 4:10 AM IST
ദോഹ: എഴുത്തും വായനയും ചിന്തയും അന്വേഷണവും പ്രോല്‍സാഹിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ സത്യാന്വേഷിക്ക് വായനയുടെ വസന്തമാണ് സമ്മാനിക്കുന്നതെന്നും കാലത്തെ അതിജീവിക്കുന്ന ആശയവും സൌന്ദര്യവും ഖുര്‍ആനിന്റെ പ്രസക്തി അനുദിനം വര്‍ധിപ്പിക്കുകയാണെന്നും ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശേരി.

പ്രശസ്ത ഗ്രന്ഥകാരനായ ഹാറൂണ്‍ യഹ്യയയുടെ മൂല ഗ്രന്ഥത്തെ ആസ്പദമാക്കി പ്രഫ. എം. അബ്ദുള്‍ അലി തയാറാക്കി ഫറോക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇമാസ് പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച മനഃസാക്ഷി ഖുര്‍ആനില്‍ എന്ന ഗ്രന്ഥത്തിന്റെ ഖത്തറിലെ പ്രകാശന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്ത് വായന എന്ന പേരുള്ള ഏക ഗ്രന്ഥം ഖുര്‍ആനാകാം. വായനയുടെ എല്ലാ തലങ്ങളിലും വിസ്മയകരമായ അനുഭവം സമ്മാനിക്കുന്ന ഖുര്‍ആന്‍ സാഹിത്യവും ചരിത്രവും ശാസ്ത്രവുമെന്നു വേണ്ട വൈവിധ്യങ്ങളായ മേഖലകള്‍ സ്പര്‍ശിച്ചുകൊണ്ടാണ് മനുഷ്യ മനസുമായി സംവദിക്കുന്നത്. നന്മ തിന്മകളുടെ വിവേചനവും പുണ്യങ്ങളുടെ പ്രോല്‍സാഹനവും മനഃസാക്ഷിയുമായി ബന്ധപ്പെടുത്തിയാണ് ഖുര്‍ആന്‍ വിശകലനം ചെയ്യുന്നത്. മനുഷ്യന്റെ ശുദ്ധ പ്രകൃതം നന്മയാണെന്നും മനഃസാക്ഷിയുടെ തേട്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ പുണ്യങ്ങള്‍ പുഷ്കലമാകുമെന്നും അദ്ദേഹം പറഞ്ഞു.

വായനയുടേയും ചിന്തയുടേയും അനന്തമായ മേഖലകളിലേക്ക് മനുഷ്യനെ ക്ഷണിക്കുന്ന ഖുര്‍ആനിക സന്ദേശം ശരിക്കും ഗ്രഹിക്കുവാനും മാനവരാശിയുടെ ഉത്കര്‍ഷത്തിനായി പ്രയോജനപ്പെടുത്തുവാനും ലഭിക്കുന്ന എല്ലാ അവസരങ്ങളും തുറന്ന മനസോടെ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

സ്റാര്‍ കാര്‍ വാഷ് മാനേജിംഗ് ഡയറക്ടര്‍ പി.കെ. മുസ്തഫക്ക് ആദ്യ കോപ്പി നല്‍കി പുസ്തകത്തിന്റെ പ്രകാശനം അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷുക്കൂര്‍ കിനാലൂര്‍ നിര്‍വഹിച്ചു. ബ്രില്യന്‍ എഡ്യുക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ മുഹമ്മദ് അഷ്റഫ്, മനാമ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മനാമ മൊയ്തീന്‍, ഖത്തര്‍ സ്റാര്‍ ട്രേഡിംഗ് മാനേജിംഗ് ഡയറക്ടര്‍ ടി.എം. കബീര്‍, പ്രഫ. അബ്ദുള്‍ അലിയുടെ മക്കളായ അന്‍ജും അലി, അമീന അലി, മരുമക്കളായ ഡോ. അന്‍വര്‍, റിയാസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മീഡിയ പ്ളസ് സിഇഒ അമാനുള്ള വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.