യൂറോപ്പിലാകമാനം പെഗിഡ വേരുറപ്പിക്കുന്നു
Saturday, January 24, 2015 4:03 AM IST
ബര്‍ലിന്‍: ചെറിയൊരു ഫെയ്സ്ബുക്ക് കൂട്ടായ്മയായി തുടങ്ങിയ പെഗിഡ എന്ന കുടിയേറ്റ വിരുദ്ധ - ഇസ്ലാം വിരുദ്ധ സംഘടന ഇന്ന് യൂറോപ്പിലാകമാനം വേരുറപ്പിച്ചിരിക്കുന്നു. ജര്‍മനിയിലെ ഡ്രെസ്ഡനില്‍ ആഴ്ചതോറും സംഘടിപ്പിക്കുന്ന പ്രകടനങ്ങള്‍ക്ക് ഓരോ തവണയും പങ്കാളിത്തം കൂടിവരികയാണ്.

ജര്‍മനിയിലെ പെഗിഡ റാലിയില്‍ പങ്കെടുക്കുന്നവരെ ശ്രദ്ധിച്ചാലറിയാം, നാല്‍പ്പത്തഞ്ചിനും അമ്പതിനുമിടയില്‍ പ്രായമുള്ളവരാണ് ഏറെയും. മിക്കവരും ശരാശരിക്കു മേല്‍ വരുമാനമുള്ളവരായിരിക്കും. ഭൂരിപക്ഷം സാക്സണി സ്റേറ്റില്‍നിന്നുള്ളവരും. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ലെന്നും ഒരു സഭയിലും അംഗമല്ലെന്നും പറയുന്നവരാണ് ഇവരിലേറെയും.

പെഗിഡ അംഗങ്ങളെക്കുറിച്ചും അവരുടെ രീതികളെക്കുറിച്ചും ആദ്യമായി ഒരു സര്‍വേ സംഘടിപ്പിച്ച ഡ്രെസ്ഡന്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയാണ് ഈ വിവരങ്ങള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇസ്ലാം സാന്നിധ്യം ജര്‍മനിയെ നശിപ്പിക്കുന്നു എന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്. ഈ വിശ്വാസത്തിന്റെ വളര്‍ച്ച കൂടിയാണ് ഒരു വര്‍ഷം കൊണ്ട് പെഗിഡയ്ക്കുണ്ടായ വളര്‍ച്ചയിലും പ്രതിഫലിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍