ഇസിബി 1.1 ട്രില്യന്‍ യൂറോയുടെ ബോണ്ട് വാങ്ങല്‍ പദ്ധതി ; ആശങ്കയോടെ ജര്‍മനി
Friday, January 23, 2015 9:31 AM IST
ബര്‍ലിന്‍: യൂറോപ്യന്‍ രാജ്യങ്ങളുടെ ബോണ്ടുകള്‍ നേരിട്ടു വാങ്ങാനുള്ള യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ തീരുമാനം അടുത്ത ഘട്ടത്തിലേക്ക്. പ്രതിമാസം 60 മില്യന്‍ യൂറോയുടെ ബോണ്ടുകള്‍ എന്ന കണക്കില്‍ ആകെ 1.1 ട്രില്യന്‍ യൂറോയ്ക്കു ബോണ്ടുകള്‍ വാങ്ങാനുള്ള ബൃഹദ് പദ്ധതി ഇസിബി പ്രസിഡന്റ് മരിയോ ദ്രാഗി പ്രഖ്യാപിച്ചു.

1.1 ട്രില്യന്‍ എന്ന പരിധി നിശ്ചയിട്ടിട്ടുണ്ടെങ്കിലും നാണ്യപ്പെരുപ്പ നിരക്ക് ഉദ്ദേശിക്കുന്ന നിലയില്‍ സ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് ഇതു നേരത്തേ അവസാനിപ്പിക്കുകയോ ദീര്‍ഘിപ്പിക്കുകയോ ചെയ്യാം. ഇന്‍ഫ്ളേഷന്‍ രണ്ട് ശതമാനത്തിനടുത്തു സ്ഥിരമായി നിലനിര്‍ത്തുകയാണു ലക്ഷ്യം. അതില്‍ കൂടുന്നതും കുറയുന്നതും യൂറോസോണ്‍ സമ്പദ് വ്യവസ്ഥയ്ക്കു ഗുണകരമല്ല.

പ്രഖ്യാപനം പുറത്തുവന്നതിനു തൊട്ടു പിന്നാലെ യുഎസ് ഡോളറിനെതിരേ യൂറോയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്തു. 2003നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 1.15 ഡോളറാണ് യൂറോയ്ക്ക് ഇപ്പോഴുള്ളത്. സാമ്പത്തിക വിപണി പ്രതീക്ഷിക്കാത്ത പ്രഖ്യാപനമായി ഇതെന്നാണ് വിലയിരുത്തല്‍.

ആശങ്കയോടെ ജര്‍മനി

ബോണ്ടുകള്‍ നേരിട്ടു വാങ്ങാനുള്ള ഇസിബി തീരുമാനം കടക്കെണിയിലുള്ള യൂറോസോണ്‍ രാജ്യങ്ങള്‍ സൌകര്യമായി കാണരുതെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ മുന്നറിയിപ്പു നല്‍കി. സാമ്പത്തിക പരിഷ്കരണ പരിപാടികള്‍ ശക്തമായി തന്നെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ജര്‍മനിയില്‍നിന്നുള്ള ശക്തമായ എതിര്‍പ്പ് അവഗണിച്ചാണു ബോണ്ടുകള്‍ നേരിട്ട് വാങ്ങാനുള്ള തീരുമാനം ഇസിബി തലവനായ ഇറ്റലിക്കാരന്‍ മരിയോ ദ്രാഗി സ്വീകരിച്ചത്. ഇതിനു പിന്നാലെ, ഇസിബിയുടെ പല നയങ്ങളും സ്വീകരിക്കാന്‍ കാലതാമസമുണ്ടായെന്നും പരിഷ്കരണ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമായിരുന്ന മൂന്നു വര്‍ഷം പാഴാക്കിയെന്നും ബുണ്ടസ് ബാങ്ക് മേധാവി തുറന്നു വിമര്‍ശിക്കുകയും ചെയ്തിരുന്നു.

മുന്‍കൂട്ടി കണ്ടത് സ്വിറ്റ്സര്‍ലന്‍ഡ് മാത്രം

സ്വിസ് ഫ്രാങ്കിന് മൂന്നു വര്‍ഷമായി നിലനിന്ന മൂല്യ നിയന്ത്രണം കഴിഞ്ഞ ദിവസം സ്വിറ്റ്സര്‍ലന്‍ഡ് എടുത്തമാറ്റിയത് യൂറോസോണ്‍ അദ്ഭുതത്തോടെയാണ് കണ്ടത്. എന്നാല്‍, ബോണ്ട് വാങ്ങാനുള്ള ഇസിബി തീരുമാനം വരുകയും, 1.1 ട്രില്യന്‍ യൂറോ അതിനു മുടക്കാന്‍ തയാറാണെന്നു പ്രഖ്യാപിക്കുകയും ചെയ്തതോടെ സ്വിസ് നാഷണല്‍ ബാങ്കിന്റെ ദീര്‍ഘവീക്ഷണം ശ്ളാഘിക്കപ്പെടുന്നു.

മറ്റു സെന്‍ട്രല്‍ ബാങ്കുകളെയും സ്വിസ് സര്‍ക്കാരിനെപ്പോലും അമ്പരപ്പിച്ച തീരുമാനം സ്വിസ് നാഷണല്‍ ബാങ്ക് സ്വീകരിച്ചതിന്റെ ഗുണഫലങ്ങള്‍ ഇനിയാണു സ്വിസ് സമ്പദ് വ്യവസ്ഥ അനുഭവിക്കാന്‍ പോകുന്നത്.

മാരിയോ ദ്രാഗിയുടെ പ്രഖ്യാപനം സമ്മിശ്ര യൂറോപ്പില്‍ പ്രതികരണമാണ് ഉണ്ടാക്കിയിരിയ്ക്കുന്നത്. യൂറോപ്യന്‍ ഓഹരി വിണിയില്‍ മാത്രമല്ല ജര്‍മന്‍ ഓഹരി വിപണിയിലും ചലനങ്ങള്‍ സൃഷ്ടിച്ചത് വരുംദിനങ്ങളില്‍ കൂടുതല്‍ ചൂടേറിയ ചര്‍ച്ചയാകുമെന്നു തീര്‍ച്ച.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍