അമേരിക്കന്‍ അതിഭദ്രാസന സണ്‍ഡേ സ്കൂള്‍ റാങ്ക് ജേതാക്കള്‍
Friday, January 23, 2015 9:29 AM IST
ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്‍ഡേ സ്കൂള്‍ പത്താം ക്ളാസ് പരീക്ഷയില്‍ ജോബിന്‍ ജോസഫ് (സെന്റ് മേരീസ് ചര്‍ച്ച് ലിന്‍ബ്രൂക്ക്, ന്യൂയോര്‍ക്ക്), സോണിയ നൈനാന്‍ (സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ ഡാളസ്), ഷാലെറ്റ് ബേബി (സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍, ഡാളസ്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഒന്നാം റാങ്ക് കരസ്ഥമാക്കിയ ജോബിന്‍ ജോസഫ് 97.5 ശതമാനം മാര്‍ക്കും രണ്ടാം റാങ്ക് കരസ്ഥമാക്കിയ സോണിയ നൈനാന്‍ 96.5 ശതമാനം മാര്‍ക്കും മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഷാലെറ്റ് ബേബി 96 ശതമാനം മാര്‍ക്കും നേടി.

അമേരിക്കയിലെയും കാനഡയിലെയും വിവിധ ദേവാലയങ്ങളിലെ കുട്ടികള്‍ക്കായി 2014 നവംബര്‍ ഒമ്പതിനു ഭദ്രാസനാടിസ്ഥാനത്തില്‍ നടത്തിയ പരീക്ഷക്ക് ഈ വര്‍ഷം റിക്കാര്‍ഡ് വിജയ ശതമാനമാണുള്ളതെന്നും ഈ നേട്ടത്തിന്റെ പിന്നില്‍ അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും ആത്മാര്‍ഥമായ സഹകരണവും ആശ്രാന്ത പരിശ്രമവും മാത്രമാണുളളതെന്നും സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ റെജി. ടി. വര്‍ഗീസ് അറിയിച്ചു.

ന്യൂയോര്‍ക്ക് ലിന്‍ബ്രൂക്ക് ദേവാലയത്തിലും ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിലും റാങ്ക് ജേതാക്കളെ അനുമോദിക്കുന്നതിനു പ്രത്യേക അനുമോദന യോഗങ്ങള്‍ നടത്തുകയും അവര്‍ക്കായി കാഷ് അവാര്‍ഡ് നല്‍കുകയും ചെയ്തു.

ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ ജനുവരി 18 ന് വിശുദ്ധ കുര്‍ബാനാനന്തരം കത്തീഡ്രല്‍ മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അനുമോദന യോഗത്തില്‍ വികാരി റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പാ അധ്യക്ഷത വഹിച്ചു. ജിത്ത് തോമസ് (ഹെഡ് മാസ്റ്റര്‍) മിനി മാമ്മന്‍ എന്നിവര്‍ ഇടവകയിലെ റാങ്ക് ജേതാക്കളായ സോണിയ നൈനാനേയും ഷാലെറ്റ് ബേബിയേയും അനുമോദിച്ച് പ്രസംഗിച്ചു. ഇടവകയുടേതായ പ്രത്യേക പാരിതോഷികവും നല്‍കി.

വളരെ ചിട്ടയോടെ ഭദ്രാസനാടിസ്ഥാനത്തില്‍ പരീക്ഷ നടത്തുന്നതിനും കേന്ദ്രീകൃത മൂല്യ നിര്‍ണയത്തിലൂടെ ഫലം പ്രഖ്യാപിക്കുന്നതിനും നേതൃത്വം നല്‍കിയ റവ. ഫാ. സജി മര്‍ക്കോസ്, റവ. ഡീക്കന്‍ വിവേക് അലക്സ്, ഡോ. റോബിന്‍ ചിറക്കല്‍, റെജി ടി. വര്‍ഗീസ്, സണ്‍ഡേ സ്കൂള്‍ ബോര്‍ഡ് അംഗങ്ങള്‍, അധ്യാപകര്‍, റാങ്ക് ജേതാക്കള്‍ വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ എന്നിങ്ങനെയുളള ഏവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായി ഇടവക മെത്രാപ്പോലീത്താ യല്‍ദോ മാര്‍ തീത്തോസ് തിരുമേനി അറിയിച്ചു. അമേരിക്കന്‍ അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍