നാഷണല്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് ബോസ്റ്റണില്‍ സമാപിച്ചു
Friday, January 23, 2015 9:26 AM IST
ബോസ്റണ്‍: പൊതുസമൂഹത്തിലും ഇടവകകളിലും ദൈവവിശ്വാസവും ആത്മ വിശ്വാസവും ധാര്‍മികതയുമുളള നേതൃനിരയെ രൂപപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടന്ന നോര്‍ത്ത്-അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ മാര്‍ത്തോമ യൂത്ത് ലീഡര്‍ ഷിപ്പ് കോണ്‍ഫറന്‍സ് ബോസ്റണ്‍ കര്‍മ്മല്‍ മാര്‍ത്തോമ പള്ളിയില്‍ സമാപിച്ചു. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു.

ദൈവരാജ്യത്തിനും സമൂഹത്തിനും വേണ്ടി തങ്ങളെ തന്നെ സമര്‍പ്പിക്കുന്നവര്‍ക്കേ നേതൃനിരകളിലേക്ക് ഉയര്‍ത്തപ്പെടാന്‍ സാധിക്കുകയുള്ളൂ. ശരിയായ നേതൃശേഷിയുളളവരുടെ അഭാവം ഇന്നു പൊതു സമൂഹത്തില്‍ പ്രകടമാണെന്ന് മാര്‍ തിയഡോഷ്യസ് പറഞ്ഞു. ഉദ്ഘാടന യോഗത്തില്‍ റവ. ഡെന്നിസ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. റവ. സാം ടി. പണിക്കര്‍ കണ്‍വീനേഴ്സായ ഷൈനി വര്‍ഗീസ്, ജെന്‍സന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

'ക്രിസ്തുവില്‍ വേരൂന്നി വളരുക' എന്ന വിഷയത്തെ ആസ്പദമാക്കി റവ. വി.എം. മാത്യു, റവ. ഡെന്നീസ് ഏബ്രഹാം, റവ. ജോര്‍ജ് ചെറിയാന്‍, റവ. റോയ് ഏബ്രഹാം, തോമസ്, മാറ്റ് സ്റാന്‍ സാമുവല്‍, ഡോ. റോണ്‍ ജേക്കബ്, ജെയ്സണ്‍ വര്‍ഗീസ് എന്നിവര്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി.

സമൂഹ്യ പ്രതിബദ്ധതയുളള സോഷ്യല്‍ സര്‍വീസ് പ്രോജക്ടിന് ഡോ. ലിന്‍ ഫോസ്റ് നേതൃത്വം നല്‍കി. മാര്‍ തിയഡോഷ്യസിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയോടുകൂടി നാലു ദിവസം നീണ്ടു നിന്ന ലീഡര്‍ ഷിപ്പ് കോണ്‍ഫറന്‍സ് സമാപിച്ചു. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ പളളികളില്‍നിന്നായി നൂറോളം യുവതീയുവാക്കള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല