സഹൃദയ വേദി അവാര്‍ഡ് ജോസഫ് വന്നേരിക്ക്
Friday, January 23, 2015 7:26 AM IST
ബംഗളൂരു: ബംഗളൂരു കേരളസമാജം സ്ഥാപകപ്രവര്‍ത്തകനും ബംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍ഡ് ആര്‍ട്ടിസ്റ്സ് ഫോറം, ക്രിസ്ത്യന്‍ റൈറ്റേഴ്സ് ഫോറം, കര്‍ണാടക കാത്തലിക് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നീ സംഘടനകളുടെ സ്ഥാപകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.ടി. ജോസഫ് വന്നേരിക്ക് ഈ വര്‍ഷത്തെ സഹൃദയ വേദിയുടെ എംസി വര്‍ഗീസ് അവാര്‍ഡ് നല്കി ആദരിക്കും. ഫെബ്രുവരി ഒന്നിന് ഞായറാഴ്ച രാവിലെ 11 ന് ബന്നാര്‍ഗട്ട റോഡിലുള്ള അരണ്യഗിരി ഫോറത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. 1932 ഓഗസ്റ്റ് 22 ന് കൊമ്പന്‍ തോമുവിന്റെയും റോസയുടെയും മകനായാണ് ജോസഫ് വന്നേരി ജനിച്ചത്. തൃശൂര്‍ എലിയങ്ങാട് യുപി സ്കൂളിലും പെങ്ങാമുക്ക് ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം. മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തരബിരുദം നേടി. 1955 ല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ സര്‍വേയറായി ജോലിയില്‍ പ്രവേശിച്ചു. 1990 ല്‍ ബംഗളൂരു റസിഡന്‍സി റോഡിലുള്ള ഡിവിഷന്‍ മാനേജരായിരിക്കേയാണ് അദ്ദേഹം വിരമിക്കുന്നത്. ബംഗളൂരു കലാസാഹിത്യരംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഉണരുന്ന ഓര്‍മകള്‍ അദ്ദേഹത്തിന്റെ കഥാസമാഹാരമാണ്. ഭാര്യ മര്‍ഗലീത്ത 2002 നവംബര്‍ 19 ന് നിര്യാതയായി.