ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന് പുതിയ ഭാരവാഹികള്‍
Thursday, January 22, 2015 10:18 AM IST
ഫ്രാങ്ക്ഫര്‍ട്ട് : ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ 46-ാമത് പൊതുയോഗം സാല്‍ബൌ ബൊണാമസിലെ ക്ളബ് ഹാളില്‍ ജനുവരി 18നു (ശനി) വൈകുന്നേരം 4.30ന് സമാജം പ്രസിഡന്റ് കോശി മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടി.

പുതിയ ഭാരവാഹികളായി ബോബി ജോസഫ് വാടപ്പറമ്പില്‍(പ്രസിഡന്റ്), കോശി മാത്യു (സെക്രട്ടറി), ബനേഷ് ജോസഫ്(ട്രഷറര്‍) എന്നിവരെയും കമ്മിറ്റിയംഗങ്ങളായി റ്റീനാ ജോണ്‍, ജോസ്കുമാര്‍ ചോലങ്കേരി, സുധീര്‍ ബാലകൃഷണന്‍, തോമസ് നീരാക്കല്‍ എന്നിവരെയും ഓഡിറ്ററായി രമേശ് ചെല്ലതുറൈയും തെരഞ്ഞെടുത്തു.

ഇന്ത്യയെ സ്നേഹിക്കുക, ഇന്ത്യന്‍ കലകളെ അംഗീകരിക്കുക, ഇന്ത്യക്കാരായിരിക്കുന്നതില്‍ അഭിമാനിക്കുക, സുഹൃത്തുക്കളുടെ ഇടയില്‍ ശാന്തിയും സമാധാനവും ഉറപ്പുവരുത്തുന്നതിനൊപ്പം ജാതിമതഭേദമെന്യേ സമാജം ചെയ്തുവരുന്ന സദ്പ്രവര്‍ത്തികള്‍കൊണ്ടു സമൂഹത്തിനു നന്മയുണ്ടാകട്ടെയെന്നു സ്വാഗതം ആശംസിച്ച് പ്രസിഡന്റ് പറഞ്ഞു.

സമാജം സെക്രട്ടറി ഡോ. അജാക്സ് മുഹമ്മദ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ അബി മാങ്കുളം വാര്‍ഷിക വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന പൊതു ചര്‍ച്ചയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന എല്ലാ പരിപാടികളും നടത്തുന്നതിനുവേണ്ട നിര്‍ദേശങ്ങളും ഉള്‍ക്കൊണ്ട് കാലാവധി തീര്‍ന്ന 2014 ലെ ഭരണസമിതി പ്രസിഡന്റ് പിരിച്ചുവിട്ടു. ജോര്‍ജ് ജോസഫ്, തോമസ് കടവില്‍, സാജന്‍ മണമേല്‍ എന്നിവര്‍ വരണാധികാരികളായിരുന്നു.

പൊതുയോഗത്തിന് എത്തിയ സമാജം അംഗങ്ങള്‍ക്കും സുഗമമായ തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കിയവര്‍ക്കും സുഹൃത്തുക്കള്‍ക്കും പുതിയ പ്രസിഡന്റ് ബോബി ജോസഫ് വാടപ്പറമ്പില്‍ നന്ദി പറഞ്ഞു. എ.എം. മാത്യു പ്രോട്ടോകോളായി പ്രവര്‍ത്തിച്ചു.