ദാവോസില്‍ ലോക സാമ്പത്തികഫോറത്തിനു തുടക്കമായി
Thursday, January 22, 2015 10:14 AM IST
ദാവോസ്: ആഗോളതലത്തില്‍ സാമ്പത്തികദാരിദ്യ്രം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി ദാവോസിലെ സ്കീ റിസോര്‍ട്ടില്‍ ലോക സാമ്പത്തിക ഫോറത്തിനു(ഡബ്ള്യുഇഎഫ്) തുടക്കമായി.

അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ലോകമെമ്പാടുമുള്ള 2500 ഭരണത്തലവന്മാരും വ്യവസായികളും ജീവകാരുണ്യപ്രവര്‍ത്തകരും കലാകാരന്മാരും ഉള്‍പ്പടെ നാലായിരത്തോളം പേര്‍ പങ്കെടുക്കുന്നുണ്ട്.

ഏറ്റവും അനിവാര്യമായ സാമ്പത്തികപരിഷ്കരണ നടപടികള്‍ പ്രാബല്യത്തില്‍ വരുത്താന്‍ സാധിക്കുമായിരുന്ന മൂന്നു വര്‍ഷങ്ങള്‍ യൂറോപ്പ് പാഴാക്കിക്കളഞ്ഞെന്നു ബുണ്ടസ് ബാങ്ക് മേധാവി ആക്സല്‍ വെബര്‍ സമ്മേളനത്തില്‍ പറഞ്ഞു. സമ്പദ്വ്യവസ്ഥയ്ക്കു സ്ഥിരത പകരാനുള്ള അവസരം യൂറോപ്പ് നഷ്ടപ്പെടുത്തിയെന്നും വെബര്‍ കുറ്റപ്പെടുത്തി.

ഗ്രീസ് അടക്കമുള്ള രാജ്യങ്ങള്‍ നേരിട്ട വന്‍ കടക്കെണി യൂറോസോണിനെ ആകെ അപകടത്തിലാക്കിയപ്പോള്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് സാമ്പത്തിക രക്ഷാ പാക്കേജുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍, വളര്‍ച്ചയുടെ വേഗം മന്ദമായി തുടരുകയും തൊഴിലില്ലായ്മ വര്‍ധിക്കുകയും ചെയ്തു.

ഇപ്പോള്‍ യൂറോസോണ്‍ ഡീഫ്ളേഷനിലേക്കു വഴുതാനുള്ള സാധ്യതയും തെളിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വെബറുടെ വിലയിരുത്തല്‍. പ്രശ്നപരിഹാരത്തിന് ആവശ്യത്തിലേറെ സമയമെടുത്തതാണ് ഇസിബി ചെയ്ത തെറ്റെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യാ സംഘത്തെ നയിക്കുന്നത് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണ്. അദ്ദേഹത്തെക്കൂടാതെ മുകേഷ് അംബാനി, സൈറസ് മിസ്ത്രി, നരേഷ് ഗോയല്‍, ചന്ദ കൊച്ചാര്‍ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ വ്യവസായികളും സംഘത്തിലുണ്ട്.

കേന്ദ്ര ഊര്‍ജമന്ത്രി പിയൂഷ് ഗോയല്‍, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സംഘത്തിലുണ്ട്.

ഇത്തവണത്തെ സവിശേഷത ചൈനാ പ്രധാനമന്ത്രി ലീ കെച്യാംഗ് സമ്മേളനത്തില്‍ പങ്കെടുക്കുന്നു എന്നതാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍