സജിന്‍ ലാലിന് മികച്ച പുതുമുഖ നടനുള്ള തിക്കുറിശി പുരസ്കാരം
Thursday, January 22, 2015 8:12 AM IST
വിയന്ന: മികച്ച പുതുമുഖ നടനുള്ള ഈ വര്‍ഷത്തെ തിക്കുറിശി പുരസ്കാരം യുവ നടന്‍ സജിന്‍ ലാലിനു ലഭിച്ചു. തിക്കുറിശി ഫൌണ്േടഷന്റെ എട്ടാമത് ദൃശ്യമാധ്യമ-സാഹിത്യ പുരസ്കാരദാനം ജനുവരി 21ന് (ബുധന്‍) വൈകുന്നേരം 5.30നു തിരുവനന്തപുരം വെള്ളയമ്പലം ജവഹര്‍ ബാലഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സിനിമാമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. പ്രവാസി മലയാളി ഫെഡറേഷന്‍ മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.

പ്രമുഖ സിനിമ സീരിയല്‍ സംവിധായകനും നിര്‍മാതാവും നടനുമാണു സജിന്‍ ലാല്‍. ദുബായി മീഡിയ സിറ്റി, സ്റുഡിയോ എന്നിവിടങ്ങളില്‍ ക്രിയേറ്റീവ് ഡയറക്ടര്‍, പ്രൊഡ്യൂസര്‍, ഫിലിം ഈവന്റ് കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ പ്രവാസി മലയാളി ഫെഡറേഷന്‍ ഈ വര്‍ഷം തിരുവനന്തപുരത്തു നടത്തുന്ന 'പ്രവാസി കുടുംബസംഗമം'ത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ്.

അദ്ദേഹത്തിന് അനുമോദനങ്ങള്‍ അറിയിക്കുന്നതായി പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, സെക്രട്ടറി ഷിബി നാരമംഗലത്ത്, ബോര്‍ഡ് ഓഫ് ട്രസ്റീസ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍