കേളി അന്താരാഷ്ട്ര കലാമേള കിക്ക് ഓഫ് ചെയ്തു
Wednesday, January 21, 2015 10:13 AM IST
ബേണ്‍: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ, സാംസ്കാരിക സംഘടനയായ കേളി വര്‍ഷം തോറും നടത്തി വരുന്ന കലാമാമാങ്കം അന്താരാഷ്ട്ര കലാമേളയുടെ രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷ്, വര്‍ഷ മാടനില്‍നിന്നും ആദ്യ രജിസ്ട്രേഷന്‍ സ്വീകരിച്ച് രജിസ്ട്രേഷന്‍ ആന്‍ഡ് ജഡ്ജ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ ഷാജി രാമനാലിന് കൈമാറി.

കേളി പ്രസിഡന്റ് ബാബു കാട്ടുപാലം, സെക്രട്ടറി ജിനു കളങ്ങര, ആര്‍ട്സ് സെക്രട്ടറി ജോണ്‍ താമരശേരി, കമ്മിറ്റി അംഗങ്ങളായ ഡേവിസ് തടത്തില്‍, ജൈജു പരിയാടന്‍, രജിസ്ട്രേഷന്‍ ആന്‍ഡ് ജഡ്ജ്മെന്റ് കണ്‍വീനര്‍ ഷാജി രാമനാലില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇന്ത്യന്‍ എംബസി, സൂര്യ ഇന്ത്യ തുടങ്ങിയവരുടെ പൂര്‍ണ സഹകരണത്തോടെയാണ് കേളി അന്താരാഷ്ട്ര കലാമേള നടത്തി വരുന്നത്. കേളി ഇന്ത്യന്‍ കലകളെ സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രോത്സാഹിപ്പിക്കുന്നതിനെ അംബാസഡര്‍ അഭിനന്ദിച്ചു. കേളിയുടെ സാമൂഹ്യ സേവനം പ്രശംസനീയമാണെന്നും ഇന്ത്യന്‍ അംബാസഡര്‍ എം.കെ.ലോകേഷ് എടുത്തു പറഞ്ഞു.

മേയ് 23, 24 തീയതികളില്‍ സൂറിച്ചിലെ ഫെരാല്‍ടോര്‍ഫിലാണ് കലാമേള അരങ്ങേറുക. രജിസ്ട്രേഷന്‍ ഓണ്‍ ലൈനില്‍കൂടി മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ. (ംംം.സമഹമാലഹമ.രീാ, ംംം.സലഹശംശ.ീൃഴ.) പതിവ് മത്സരങ്ങള്‍ക്ക് പുറമെ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രായഭേദമെന്യേ ഷോര്‍ട്ട് ഫിലിമും ഫോട്ടോഗ്രാഫിയും കൂടാതെ കൊച്ചു കുട്ടികള്‍ക്കായി സ്റോറി ടെല്ലിംഗ് മത്സരവും കേളി നടത്തിവരുന്നു. യുകെ, അയര്‍ലന്‍ഡ്, ജര്‍മനി, ഓസ്ട്രിയ, ഇറ്റലി തുടങ്ങിയ വിവധ രാജ്യങ്ങളില്‍ നിന്നും മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര യുവജോനോല്‍സവമാണ് കേളി കലാമേള.

രണ്ടു ദിനങ്ങളിലായി ഇരുന്നൂറിലധികം മത്സരാര്‍ഥികള്‍ വിവിധയിനങ്ങളിലായി മാറ്റുരയ്ക്കും. ജേതാക്കള്‍ക്ക് ട്രോഫിയും സര്‍റ്റിഫിക്കറ്റും നല്‍കും. വിദഗ്ധ ജഡ്ജിംഗ്, സംഘാടനാവൈഭവം, കേളി അംഗങ്ങളുടെ അകമഴിഞ്ഞ സഹകരണം ഇവയൊക്കെയാണ് മേളയുടെ വിജയത്തിനു കാരണം. ഈ വര്‍ഷവും കലാമേള വന്‍ വിജയമാക്കുന്നതിന്റെ പണിപ്പുരയിലാണ് കേളി ഭാരവാഹികള്‍.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍