കുര്യാക്കോസ് ഏലിയാസച്ചന്റെയും ഏവുപ്രാസ്യമ്മയുടെയും തിരുശേഷിപ്പിന് സ്വീകരണം നല്‍കി
Wednesday, January 21, 2015 6:09 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയുടെ നേതൃത്വത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും വിശുദ്ധ ഏവുപ്രാസ്യമ്മയുടെയും തിരുശേഷിപ്പിന് സ്വീകരണം നല്‍കി.

ജനുവരി 18ന് (ഞായര്‍) രാവിലെ 10.30ന് വികാസ്പുരിയില്‍നിന്നും എത്തിച്ചേര്‍ന്ന തിരുശേഷിപ്പിന് സെന്റ് തോമസ് പള്ളിയില്‍, സെന്റ് പീറ്റേഴ്സ് ഇടവക വികാരി ഫാ. പയസ് മലേകണ്ടത്തില്‍, സെന്റ് തോമസ് വികാരി ഫാ. ജോര്‍ജ് മണിമല, അസി. വികാരി ഫാ. ജോസ് വട്ടക്കുഴി, ഫാ. സുമന്‍ സൂരിന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

തുടര്‍ന്ന് പ്രദക്ഷിണമായി പള്ളിയിലെത്തി ആഘോഷമായ വിശുദ്ധ കുര്‍ബാനയും വിശുദ്ധരെക്കുറിച്ച് പ്രഭാഷണവും തുടര്‍ന്ന് പ്രദക്ഷിണവും നടന്നു.

കൈക്കാരന്മാരായ റെജി മാത്യുവും സിറിയക് ജോണും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്