റിയാദ് പ്രീപ്രോഫ്കോണ്‍ മീറ്റ് ജനുവരി 29ന്
Wednesday, January 21, 2015 6:08 AM IST
റിയാദ്: ഫെബ്രുവരി 13, 14, 15 ദിവസങ്ങളില്‍ കാസര്‍ഗോഡ് നടക്കുന്ന 19-ാമത് ദേശീയ പ്രഫഷണല്‍ വിദ്യാര്‍ഥി സമ്മേളനത്തിന്റെ (പ്രോഫ്കോണ്‍) ഭാഗമായി റിയാദില്‍ ജനുവരി 29ന് (വ്യാഴം) പ്രീപ്രോഫ്കോണ്‍ സംഘടിപ്പിക്കാന്‍ റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ വിദ്യാര്‍ഥി വിഭാഗമായ റിയാദ് എംഎസ്എം തീരുമാനിച്ചു.

ടു ദി റൈറ്റ് ഗോള്‍ ത്രൂ ദി റൈറ്റ് പാത്ത് എന്ന സന്ദേശവുമായി 1997 മുതല്‍ എല്ലാ വര്‍ഷങ്ങളിലും കേരളത്തിലെ വ്യത്യസ്ത ജില്ലകളിലായി സംഘടിപ്പിച്ചു വരുന്ന പ്രോഫ്കോണ്‍ പ്രഫഷണല്‍ വിദ്യാര്‍ഥികളുടെ മത ധാര്‍മിക സാംസ്കാരിക മേഖലകളില്‍ വലിയ സംഭാവനകളാണ് നല്‍കി വരുന്നത്. മദ്യവും മയക്കുമരുന്നും നിര്‍മ്മത ചിന്തകളും അക്രമങ്ങളും അടക്കി വാഴുന്ന പ്രഫഷണല്‍ കാമ്പസുകളില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ കൈമാറി വിദ്യാര്‍ഥികളെ ദൈവബോധമുള്ളവരും സാമൂഹിക പ്രതിബദ്ധതയുള്ളവരുമാക്കി മാറ്റുന്നതില്‍ പ്രോഫ്കോണുകള്‍ വഹിച്ച പങ്ക് മഹത്തരമാണ്.

ഫെബ്രുവരിയില്‍ നടക്കുന്ന പ്രോഫ്കോണിന്റെ മുന്നോടിയായി സംഘടിപ്പിക്കപ്പെടുന്ന പരിപാടിയില്‍ പ്രഫഷണല്‍ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. 'തിന്മകളുടെ വിപാടനം എങ്ങനെ സാധിക്കും' എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചക്ക് എന്‍ജിനിയര്‍ റാഷിദ് ഖലീല്‍ (ദമാം) നേതൃത്വം നല്‍കും. സ്ത്രീകള്‍ക്കും സൌകര്യം ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0501643835, 0551622948, 050283652.

പരിപാടിയുടെ പ്രചാരണോദ്ഘാടനം റിയാദ് കോര്‍പ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെ.എം. ഷാജി എംഎല്‍എ നിര്‍വഹിച്ചു. പ്രോഫ്കോണ്‍ കിറ്റ് നൌഫല്‍ മദീനി കെ.എം. ഷാജിക്ക് കൈമാറി. എംഎസ്എം. ഭാരവാഹികളായ ഷമീര്‍ കല്ലായി, നബീല്‍ പയ്യോളി, യാസര്‍ അറഫാത്ത്, ഫിനോജ് അബ്ദുള്ള, റിയാസുദ്ദീന്‍ മണ്ണാര്‍ക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.