ഇന്ത്യന്‍ മാമ്പഴത്തിന്റെ ഇറക്കുമതി നിരോധനം യൂറോപ്യന്‍ യൂണിയന്‍ എടുത്തുമാറ്റി
Wednesday, January 21, 2015 3:55 AM IST
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ മാമ്പഴം ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് യൂണിയന്‍ എടുത്തു മാറ്റി. 2014 മേയില്‍ നിലവില്‍ വരുത്തിയ ചട്ടമാണ് നടപ്പുവര്‍ഷം ജനുവരി 20 ന് എടുത്തു മാറ്റിയത്.

ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ജനുവരി 20 ന് (ചൊവ്വ) വോട്ടിനിട്ടാണ് തീരുമാനം കൈക്കൊണ്ടത്. നിലവില്‍ മാമ്പഴത്തിന് മാത്രമാണ് ഇളവ് അനുവദിച്ചത്. നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനോട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉത്തരവ് പിന്‍വലിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ മാമ്പഴത്തിന്റെ പുതിയ ഗുണമേന്മ യൂണിയനു ബോധ്യമായതിനെ തുടര്‍ന്നാണ് നിരോധനം പിന്‍വലിച്ചത്. നിരോധനം ഏര്‍പ്പെടുത്താന്‍ മുന്‍കൈ എടുത്തതും പിന്‍വലിപ്പിച്ചതും ബ്രിട്ടനായിരുന്നു എന്നതാണ് ഒരു പ്രത്യേകത. പ്രകൃതി, പരിസ്ഥിതി മന്ത്രി ലോര്‍ഡ് ഡി മൌളി ആണ് ഇക്കാര്യത്തില്‍ മുന്‍കൈ എടുത്തത്. ബ്രിട്ടനില്‍ മാത്രമായി പ്രതിവര്‍ഷം ആറ് മില്യന്‍ പൌണ്ടിന്റെ മാമ്പഴം ഇറക്കുമതി നടത്തിയിരുന്നു. എന്നാല്‍ വഴുതനങ്ങ (ഔബറിഗന്‍), രണ്ടു തരത്തിലുള്ള പഴച്ചാര്‍, രണ്ടുതരം ഇലകള്‍ എന്നിവയുടെ നിരോധനം നിലവില്‍ തുടരുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചു.

ഇന്ത്യയില്‍ നിന്നും യൂറോപ്പിലേയ്ക്ക് കയറ്റുമതി ചെയ്ത മാമ്പഴത്തില്‍ ക്രിമി, കീടങ്ങള്‍ കൂടാതെ പെസ്റിസൈഡ്സിന്റെ അളവ് കൂടുതലായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷം ഡിസംബര്‍ 31 വരെയായിരുന്നു പോയവര്‍ഷം നിരോധനം ഏര്‍പ്പെടുത്തിയത്.

യൂണിയന്‍ നടപടിയെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് പ്രസിഡന്റ് റഫീഖ് അഹമ്മദ്, യുകെ മാംഗോ ഇംപോര്‍ട്ട് വക്താവ് മോനിക്കാ ബന്ദാരി എന്നിവര്‍ സ്വാഗതം ചെയ്തു.

ഇന്ത്യന്‍ പച്ചക്കറിയുള്‍പ്പടെയുള്ള സാധനങ്ങള്‍ക്ക് 2013 മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം മൂലം വിദേശനാണ്യത്തിന്റെ വരവിലും കുത്തനെ ഇടിവുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍