ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യ ബിസിനസ് ഫോറം മീറ്റ്
Tuesday, January 20, 2015 9:44 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അധികാര പരിധിയിലുള്ള ഹെസന്‍, നോര്‍ഡ്റൈന്‍ വെസ്റ് ഫാളന്‍, റൈന്‍ലാന്‍ഡ് ഫാള്‍സ്, സവര്‍ലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ ബിസിനസ് ഫോറം മെംബര്‍മാരായ ഇന്ത്യ-ജര്‍മന്‍ ബിസിനസ് കമ്യൂണിറ്റിയുടെ മീറ്റ് ഹോട്ടല്‍ ഇന്റര്‍ കോണ്ടിനന്റലില്‍ ജനുവരി 19 ന് നടത്തി.

ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റ്, റൈന്‍മൈന്‍ കമ്പനി, ഫ്രാങ്ക്ഫര്‍ട്ട് ചേംബര്‍ ഓഫ് കൊമേഴ്സ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് 2014 ജനുവരിയില്‍ ഇന്ത്യാ ബിസിനസ് ഫോറം രൂപീകരിച്ചത്. അന്നു മുതല്‍ വളരെ സജീവമായി ഇന്ത്യാ ബിസിനസ് ഫോറം പ്രവര്‍ത്തിക്കുന്നു.

മീറ്റിന് ഹെസന്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ് കമ്പനി ആതിഥ്യം വഹിച്ചു. ഹെസന്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ് സിഇഒ ഡോ. റൈനര്‍ വാള്‍ഡ്സ്മിറ്റ് വിശിഷ്ടാതിഥികളെയും ഇന്ത്യ ബിസിനസ് ഫോറം മെംബര്‍മാരെയും സ്വാഗതം ചെയ്തു. ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ ഇന്ത്യയുടെ പുതിയ വിദേശ വ്യാപാര നിലപാടുകളും അതില്‍ വരുത്തിയിരിക്കുന്ന നിയമ ഇളവുകളെക്കുറിച്ചും വിശദീകരിച്ചു. ഇന്ത്യയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെക്കുറിച്ചും കൂടുതല്‍ ആകര്‍ഷമായ ഇന്‍വെസ്റ്മെന്റ് സാധ്യതാ സെക്ടറുകളും കോണ്‍സുല്‍ ജനറല്‍ ചൂണ്ടിക്കാട്ടി.

തുടര്‍ന്നു നടന്ന പാനല്‍ ചര്‍ച്ചയില്‍ ലാപ്പ് ഹോള്‍ഡിംഗ് കമ്പനി ചീഫ് ടെക്നിക്കല്‍ ഓഫിസര്‍, ജോര്‍ജ് സ്റ്റാവേ, ഫ്രസിനിയോസ് ഫാര്‍മസ്യൂട്ടിക്കല്‍സ് സീനിയര്‍ വൈസ്പ്രസിഡന്റ്, ഡോ. ഹ്യുഷികേശ് കുല്‍ക്കര്‍ണി, ഇന്റര്‍നാഷണല്‍ ട്രേഡ് ആന്‍ഡ് മാര്‍ക്കറ്റ് സീനിയര്‍ ഡയറക്ടര്‍ ജോഹാന്നസ് കീര്‍ഷ് എന്നിവര്‍ പങ്കെടുത്തു. ഹ്യൂമന്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ ചീഫ് വേര്‍ണര്‍ ഹെസന്‍ പാനല്‍ ചര്‍ച്ച മോഡറേറ്റ് ചെയ്തു.

ഹെസന്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിലെ വിദേശവ്യപാര സെക്രട്ടറി, ഫ്രാങ്ക്ഫര്‍ട്ട് സിറ്റി പ്രതിനിധി തുടങ്ങി നിരവധി വിശിഷ്ടാതിഥികള്‍ മീറ്റില്‍ പങ്കെടുത്തു. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കൊമേഷ്യല്‍ വിഭാഗം കോണ്‍സുല്‍ പൂജാ ടില്ലു, വൈസ് കോണ്‍സുല്‍ രാജേഷ് കുമാര്‍ എന്നിവര്‍ മീറ്റിന്റെ വിജയകരമായി നടത്തിപ്പില്‍ പ്രധാന പങ്കു വഹിച്ചു. ബിസിനസ് മീറ്റില്‍ പങ്കെടുത്ത അതിഥികള്‍ക്ക് കോണ്‍സുല്‍ പൂജാ ടില്ലു നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍