ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ സാം മല്‍ഹോത്ര മേരിലാന്റ് സംസ്ഥാന ഹ്യൂമന്‍ റിസോഴ്സസ് തലവന്‍
Tuesday, January 20, 2015 9:44 AM IST
മേരിലാന്റ്: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും സബ് സിസ്റ്റം ടെക്നോളജീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സാം മല്‍ഹോത്രയെ മേരിലാന്റ് സംസ്ഥാന ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് തലവനായി ഗവര്‍ണര്‍ നിയമിച്ചു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട റിപ്പബ്ളിക്കന്‍ ഗവര്‍ണര്‍ ലാറി ഹോഗന്‍ ജനുവരി 21 ന് ചാര്‍ജെടുക്കുന്നതിനു മുമ്പാണ് സാം മല്‍ഹോത്രയെ നിയമിച്ചത്.

മേരിലാന്റ് സംസ്ഥാനത്ത് കാബിനറ്റ് പോസ്റില്‍ നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കനാണ് സാം മല്‍ഹോത്ര.

മേരിലാന്റ് മുന്‍ ഗവര്‍ണര്‍ റോബര്‍ട്ടിന്റെ ഭരണത്തില്‍ ഏഷ്യന്‍ പസഫിക്ക് ഐലന്റില്‍ അഫയേഴ്സ് കമ്മീഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മേരിലാന്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിഎസും ഹാര്‍വാഡ് ബിസിനസ് സ്കൂളില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനും ജോര്‍ജ് ടൌണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എക്സിക്യൂട്ടീവ് മാസ്റ്റേഴ്സും കരസ്ഥമാക്കിയിട്ടുണ്ട്.

മേരിലാന്റ് സംസ്ഥാനത്തെ ജനങ്ങളെ സേവിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്നും അതിനവസരം ഒരുക്കിയ ഗവര്‍ണര്‍ക്ക് പ്രത്യേകം നന്ദി പറയുന്നുവെന്നും നിയമനത്തെക്കുറിച്ചുളള വാര്‍ത്ത ലഭിച്ചപ്പോള്‍ സാം മല്‍ഹോത്രാ പ്രതികരിച്ചു. മേരിലാന്റ് സംസ്ഥാനത്തെ ഇന്ത്യന്‍ സമൂഹത്തിന് സുപരിചിതനാണ് മല്‍ഹോത്ര.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍