ലഗേജുകളും വാഹനവും അപഹരിച്ചു; മലയാളികളുടെ നാട്ടിലേക്കുള്ള യാത്ര മുടങ്ങി
Tuesday, January 20, 2015 9:42 AM IST
റിയാദ്: കണ്‍മുന്നില്‍ ഉണ്ടായിരുന്ന കാര്‍ അപഹരിക്കപ്പെടുക, അതുമൂലം യാത്ര മുടങ്ങുക. കേട്ടുകേള്‍വിപോലുമില്ലാത്ത സംഭവത്തിന് ദൃക്സാക്ഷിയാകേണ്ടി വന്നതിന്റെ ഞടുക്കത്തിലാണ് കൊട്ടിയം ഉമയനല്ലൂര്‍ സ്വദേശി മുജീബ് റഹ്മാനും കുരുവിപ്പള്ളി സ്വദേശി ഷിയാസും.

ബംഗ്ളഫില്‍ വാഹനങ്ങളുടെ ഓയില്‍ ചേയ്ഞ്ച് വര്‍ക്ഷോപ്പ് നടത്തുകയാണ് മുജീബ് റഹ്മാന്‍. മുജീബിന്റെ വര്‍ക്ഷോപ്പിലെ ജീവനക്കാരനാണ് ഷിയാസ്. ഇവര്‍ നാട്ടിലേക്കു മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് സിനിമാക്കഥയെവെല്ലുന്ന മോഷണം അരങ്ങേറുന്നത്.

തിങ്കളാഴ്ച്ച പകല്‍ 12നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ തിരുവനന്തപുരത്തേക്കുള്ള യാത്രക്കായി ഒരുങ്ങുകയായിരുന്നു. ഇതിനായി അടുത്ത സുഹൃത്തായ കണിയാപുരം സ്വദേശി അഷറഫിന്റെ ഹ്യൂണ്ടായി കാര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിന് തയാറാക്കി നിര്‍ത്തുകയും ചെയ്തു. രാവിലെ 9.41 ന് ഇരുവരുടേയും ഹാന്‍ഡ് ബാഗ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിരുന്ന കാറിലുണ്ടായിരുന്നു. അപ്രതീക്ഷിതമായ അല്‍പ്പം അകലെ നിന്നിരുന്ന സ്വദേശി എന്ന് സംശയിക്കുന്ന യുവാവ് കാറിനുള്ളിലേക്ക് ഓടിക്കയറി, അതിശയിപ്പിക്കുന്ന വേഗത്തില്‍ കാറ് വട്ടംകറക്കി വേഗത്തില്‍ ഓടിച്ചുപോയത് വിശ്വസിക്കാനാവാതെ നോക്കി നില്‍ക്കുവാനേ മുജീബിനും ഷിയാസിനും അവരെ യാത്രയയക്കാനെത്തിയ സുഹുത്തുക്കള്‍ക്കും കഴിഞ്ഞുള്ളൂ. വണ്ടിയുടെ തൊട്ടരികില്‍ നില്‍ക്കുകയായിരുന്ന അഷറഫ് തെന്നിമാറിയതുകൊണ്ട് മാത്രമാണ് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതത്രേ.

തെരക്കേറിയ റോഡില്‍ ഇത്രയധികം ആള്‍ക്കാര്‍ക്കിടയില്‍ നടന്ന സംഭവത്തിന്റെ ഞ്ഞെട്ടലിലാണ് എല്ലാവരും. യാത്ര മാറ്റിവച്ച വിവരം എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടാനിരുന്ന നാട്ടിലെ ബന്ധുക്കളെ അറിയിച്ച്, ഇനി എന്ന് നാട്ടിലേക്ക് പോകാനാവുമെന്നറിയാത്ത അനിശ്ചിതാവസ്ഥയിലാണ് മുജീബ് റഹ്മാനും ഷിയാസും.

വിലപിടിപ്പുള്ള മൊബൈലും 5 ടാബും ഒരു വാച്ചുമുള്‍പ്പെടെ പതിനായിരം റിയാലിലധികം വില വരുന്ന പലപ്പോഴായി വാങ്ങികൂട്ടിയ സാധനങ്ങള്‍ നഷ്ടപ്പെട്ടവയില്‍ പെടുന്നു. പാസ്പോര്‍ട്ടുകള്‍ കൈവശം സൂക്ഷിച്ചിരുന്നതിനാല്‍ അത് നഷ്ടപ്പെട്ടിട്ടില്ല.

ബംഗ്ളഫ് പോലീസ് സ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ 05095604719, 0509226694 എന്ന നമ്പരില്‍ ബന്ധപ്പെടുക.