വിയന്നയില്‍ നഴ്സുമാര്‍ക്ക് അധിക ജോലി; എതിര്‍പ്പുമായി പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍
Tuesday, January 20, 2015 4:50 AM IST
വിയന്ന: ഡോക്ടര്‍മാരുടെ ജോലി സമയത്തില്‍ ഗവണ്‍മെന്റ് വരുത്തിയ മാറ്റവും ഹൌസ് സര്‍ജന്മാരുടെ പ്രാക്ടിക്കല്‍ സമയം മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ചതു മൂലവുമുള്ള അധികഭാരം നഴ്സുമാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ കഴിഞ്ഞ വര്‍ഷം തുടങ്ങിവച്ച സമര പരിപാടികളുമായി പ്രതിപക്ഷ ട്രേഡ് യൂണിയന്‍ മുന്നോട്ടുപോകും.

അടുത്ത സമരപരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച വിയന്നയിലെ തൊഴില്‍ പ്രതിനിധി സഭയില്‍ (ആര്‍ബൈറ്റെര്‍ കാമ്മര്‍) നടന്ന യോഗത്തില്‍ ബര്‍ലിനിലെ യൂണിവേഴ്സിറ്റി ക്ളിനിക്കിലെ തൊഴിലാളി സംഘടനാംഗവും 2011 ല്‍ ബെര്‍ലിനില്‍ നഴ്സുമാരുടെ സമരത്തിന്റെ സംഘാടകനുമായ മൈക്കിള്‍ കിര്‍ഹ്നറും വിയന്നയിലെ പ്രതിപക്ഷ യൂണിയനെ പ്രതിനിധികരിച്ച് ബൈജു ഓണാട്ടും യോഗത്തില്‍ പങ്കെടുത്തു.

രാഷ്ട്രീയത്തില്‍ നിന്നും ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളില്‍ നിന്നും പ്രവാസികള്‍ വിട്ടുനില്‍ക്കുന്നത് സര്‍ക്കാരിന്റെ ഇത്തരം ജനാധിപത്യ വിരുദ്ധനടപടിക്ക് പ്രോത്സാഹനമാകുമെന്നും ട്രേഡ് യൂണിയനില്‍ നിന്ന് നഴ്സുമാര്‍ വിട്ടു പോകുന്നത് അപകടം വരുത്തി വയ്ക്കുമെന്നും തെളിയിക്കുന്നതാണ് വിയന്നയിലെ സംഭവ വികാസങ്ങള്‍. ഇവിടെ ജോലി ചെയ്യുന്ന മൂന്നില്‍ രണ്ട് നഴ്സുമാരും ട്രേയ്ഡ് യൂണിയന്റെ അംഗങ്ങളല്ല. 20 വര്‍ഷം മുമ്പ് ഇത് നേരെ തിരിച്ചായിരുന്നു.

തുടര്‍ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും സമര പരിപാടികളെക്കുറിച്ച് ചിന്തിക്കുന്നതിനുമായി ഫ്രെബുവരി അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നിന് യോഗം ചേരുന്നു. ഇതില്‍ വിയന്നയിലെ എല്ലാ നഴ്സുമാര്‍ക്കും പങ്കെടുക്കാവുന്നതാണ്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍