ഷീലാ ദീക്ഷിത് ഡല്‍ഹി ആര്‍ച്ച് ബിഷപ് ഹൌസ് നന്ദര്‍ശിച്ചു
Tuesday, January 20, 2015 4:50 AM IST
ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ഡല്‍ഹി ആര്‍ച്ച് ബിഷപ് ഹൌസ് സന്ദര്‍ശിച്ചു. ആര്‍ച്ച് ബിഷപ് റവ. ഡോ. അനില്‍ കൂട്ടോയുമായി കൂടിക്കാഴ്ച നടത്തിയ അവര്‍ ഡല്‍ഹിയിലെ ക്രിസ്ത്യന്‍ സമുദായത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങളില്‍ ക്രിസ്ത്യന്‍ സമൂഹം നേരിടുന്ന ആക്രമണങ്ങളില്‍ ഷീലാ ദീക്ഷിത് അതിയായ ദുഃഖം രേഖപ്പെടുത്തി. ദേവാലയം ആക്രമിച്ച സംഭവത്തില്‍ ദുഃഖം അറിയിച്ച അവര്‍, ഇത്തരം കുറ്റകൃത്യങ്ങള്‍ രാജ്യത്തിന്റെ മതേതരത്വം ഇല്ലാതാക്കുമെന്നും അത് അനുവദിക്കാനാവില്ലെന്നും അറിയിച്ചു.

ക്രിസ്ത്യന്‍ സമുദായം സമാധാന പ്രിയരാണ്. പാവപ്പെട്ടവരുടെ ഇടയില്‍ സമുദായത്തിന്റെ സേവനങ്ങള്‍ വളരെ വലുതാണെന്നും രാജ്യത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഡല്‍ഹിയിലെ ക്രിസ്ത്യന്‍ സമുദായത്തിനുനേരെ നടക്കുന്ന അക്രമങ്ങള്‍ ക്ഷമിക്കാനാവുന്നതല്ലെന്നും ഷീലാ ദീക്ഷിത് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ രാജ്യത്തെ എല്ലാ സമുദായങ്ങളോടും മൃദുലമായ സമീപനം കൈക്കൊള്ളേണ്ടതാണെന്നും ഷീല ദീക്ഷിത് കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്