സ്വിസ് മലയാളീസ് ക്രിസ്മസ് ആഘോഷിച്ചു
Monday, January 19, 2015 10:14 AM IST
വിന്റര്‍ത്തൂര്‍: സ്വിറ്റ്സര്‍ലന്‍ഡിലെ മലയാളി കൂട്ടായ്മയായ സ്വിസ് മലയാളീസ് വിന്റര്‍ത്തൂര്‍ പതിനാലാമത് ക്രിസ്മസ്, പുതുവത്സരാഘോഷം ഫുന്‍ഗനില്‍ വിപുലമായി ആഘോഷിച്ചു. സ്വിസ് മലയാളികളുടെ ആത്മീയ ഗുരു ഫാ. വര്‍ഗീസ് നടക്കലിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

സ്വിസ് മലയാളീസ് വിന്റര്‍ത്തൂര്‍ പ്രസിഡന്റ് ജോണ്‍സണ്‍ ഗോപുരത്തിങ്ങല്‍ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ സെക്രട്ടറി പോള്‍ കുന്നുംപുറത്ത് സ്വാഗതം ആശംസിച്ചു. സ്വിസ് മലയാളീസ് വിന്റര്‍ത്തൂറിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെ മുഖ്യാതിഥി മാത്യു കുഴിപ്പള്ളി മുക്തകണ്ഠം പ്രശംസിച്ചു.

ഈ വര്‍ഷം തുടക്കം കുറിക്കുന്ന വിദ്യാഭാസ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ കോഓര്‍ഡിനേറ്റര്‍ ജോസ് പുതിയേടം സദസിന് വിശദീകരിച്ചു.

റോസ് മേരിയുടെ നേതൃത്വത്തില്‍ അമ്പതോളം കലാകാരികളും കലാകാരന്മാരും അണിനിരന്ന കലാ പരിപാടി സ്വിസ് മലയാളികള്‍ക്ക് വേറിട്ടൊരനുഭവമായി. തുടര്‍ന്ന് ഗിന്നസ് പക്രുവും റെജി രാമപുരവും ചേര്‍ന്ന് നടത്തിയ ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന റിയാലിറ്റി ഷോ,. നര്‍മവും സംഗീതവും നൃത്തവും കോര്‍ത്തിണക്കിയ കലാസന്ധ്യ എന്നിവ ആഘോപരിപാടികളുടെ ഭാഗമായി അരങ്ങേറി. സെബസ്റ്യന്‍ പാറക്കല്‍, സോളി കുന്നുംപുറത്ത് എന്നിവര്‍ മോഡറേറ്റ് ചെയ്തു. വര്‍ഗീസ് കരുമാറ്റി, ജോസ് കണിയാംപുറത്ത് എന്നിവരുടെ നേതൃത്വത്തില്‍ നാടന്‍ വിഭവങ്ങളുമായി ഭക്ഷണശാലയും ഭാരവാഹികള്‍ ഒരുക്കിയിരുന്നു. പ്രോഗ്രാം കണ്‍വീനര്‍മാരായ ബിജു പാറത്തലക്കല്‍, റോസിലി പുതിയേടം എന്നിവര്‍ പരിപാടികളുമായി സഹകരിച്ച ഏവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍