കെകെസിഎ വാര്‍ഷിക പൊതുയോഗം ജനുവരി 23 ന്
Monday, January 19, 2015 7:18 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും ക്രിസ്മസ്, പുതുവത്സരാഘോഷവും ജനുവരി 23 ന് (വെള്ളി) വൈകുന്നേരം 4.30 ന് അബാസിയ മറീന ഹാളില്‍ നടക്കും.

കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്താ മുഖ്യാതിഥിയായിരിക്കും. വൈകിട്ട് 4.30 ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് 6.30 ന് പൊതുസമ്മേളനവും നടക്കും.

കെകെസിഎയുടെ ഈ വര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതിയുടെ പ്ളാന്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും. 2015 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭരണസമിതിയെ യോഗത്തില്‍ തെരഞ്ഞെടുക്കും. ജോസ് മൂക്കന്‍ചാത്തിയില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിക്കും.

കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന കലാപരിപാടികള്‍, ഐഡിയ സ്റാര്‍ സിംഗര്‍ വിജയി പ്രീതി വാര്യര്‍, റെമ്സി വയനാട് എന്നിവര്‍ അവതരിപ്പിക്കുന്ന ഗാനമേള എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

പരിപാടിയുടെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ടോമി പ്രാലടിയില്‍, സെക്രട്ടറി ഷിന്‍സന്‍ കുര്യന്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയേഷ് ഓണശേരില്‍