നിക്കി ഹെയ്ലിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ ഇന്ത്യന്‍ പ്രതിനിധി സംഘവും
Monday, January 19, 2015 7:14 AM IST
ഡാളസ്: ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൌണ്‍സില്‍ പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടകൂറയുടെ നേതൃത്വത്തില്‍ ഡാളസില്‍ നിന്നുളള 15 അംഗ പ്രതിനിധി സംഘം സൌത്ത് കരോളിന ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യ വംശജന്‍ നിക്കി ഹെയ്ലിയുടെ സത്യ പ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു.

സൌത്ത് കരോലിനയുടെ 116 -ാമത് ഗവര്‍ണറായ നിക്കി ഹെയ്ലി, ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണര്‍, സൌത്ത് കരോളിനയിലെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന പദവികളും നിക്കി ഹെയ്ലിക്കാണ്.

ഡോ. തോട്ടകൂറക്കൊപ്പം ഐഎഎഫ്സി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മുരളി, അരുണ്‍ അഗര്‍വാള്‍, അന്യ അഗര്‍വാള്‍, സുരേഷ്, ഗ്രേയ്സ് സുരേഷ്, ഡോ. രാജേഷ്, വിജയ് കൃഷ്ണാ, സജ്ജയ് ആനന്ദ്, ആപിത, അനീഷ്, അമിതാഭ് ഘോഷ് തുടങ്ങിയവരും സത്യ പ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

തുടര്‍ന്ന് ഡാളസില്‍ നിന്നുളള പ്രതിനിധി സംഘം ഗവര്‍ണറുമായി ചര്‍ച്ച നടത്തി. സമാധാനവും അക്രമരാഹിത്യവും പ്രചരിപ്പിക്കുവാന്‍ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ അനുസ്മരിച്ചു. ഗാന്ധി ജയന്തി ദിനത്തില്‍ ടെക്സസ് ഇര്‍വിംഗ് സിറ്റിയില്‍ ഉദ്ഘാടനം ചെയ്ത മഹാത്മാ ഗാന്ധി മെമ്മോറിയല്‍ പ്ളാസ സന്ദര്‍ശിക്കണമെന്ന ആവശ്യം ഗവര്‍ണര്‍ സ്വീകരിച്ചു.

2016 ല്‍ നടക്കുന്ന യുഎസ് പൊതു തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നിക്കി ഹെയ്ലി മത്സരിക്കുന്നതിനുളള സാധ്യതകളും നിരീക്ഷകര്‍ തളളിക്കളയുന്നില്ല.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍