ഘര്‍വാപ്പസി ബിജെപി ഒരുക്കിയ നാടകം: പി. ശ്രീരാമകൃഷ്ണന്‍ എംഎല്‍എ
Monday, January 19, 2015 7:13 AM IST
അബുദാബി: ജനകീയ പ്രശ്നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുവാന്‍ ദൃശ്യ അച്ചടി മാധ്യമങ്ങളെ വിളിച്ചുവരുത്തി പത്തു പേര്‍ക്ക് പണം നല്‍കി ബിജെപി തന്ത്രപൂര്‍വം രൂപപ്പെടുത്തിയ കേവലമൊരു നാടകം മാത്രമായിരുന്നു മതപരിവര്‍ത്തനമെന്ന പേരില്‍ കേരളത്തില്‍ നടത്തിയ ഘര്‍വാപ്പസിയെന്ന് പി. ശ്രീരാമകൃഷ്ണന്‍ എംഎല്‍എ.

കേരള സോഷ്യല്‍ സെന്ററിന്റേയും ശക്തി തിയറ്റേഴ്സിന്റേയും സംയുക്താഭിമുഖ്യത്തില്‍ കേരള സോഷ്യല്‍ സെന്ററില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയവത്ക്കരണവും ആഗോളീകരണവും എന്നീ രണ്ടു തരത്തിലുള്ള ധ്രുവീകരണത്തിലേയ്ക്ക് നയിക്കപ്പെടുന്ന ഒരു രാഷ്ട്രീയ പശ്ചാത്തലമാണ് ഇന്ന് ദേശീയ തലത്തില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. അത് ലോകത്തെമ്പാടുമുള്ള പ്രവാസികളെയാണ് ഏറ്റവും കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് മോദിയെ പ്രകീര്‍ത്തിക്കുന്നവര്‍ പരിശോധിക്കേണ്ടത് എവിടെയെങ്കിലും ഹൈന്ദവ ദര്‍ശനത്തിനോ ഹൈന്ദവ ചിന്തകള്‍ക്കോ മോദിയുടെ ഭരണത്തില്‍ സ്ഥാനമുണ്േടാ എന്നും ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങള്‍ക്കായി ഈ ഭരണകൂടം എന്തെങ്കിലും ചെയ്തിട്ടുണ്േടാ എന്നുമാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഒരു ശതമാനം പോലും ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിച്ചിട്ടില്ല. മറിച്ച്, നിരന്തരം വന്‍കിട കുത്തകകളെ സഹായിക്കുന്ന ദൌത്യമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദുത്വത്തിന്റെ പേരില്‍ നരേന്ദ്രമോദിയും സംഘപരിവാരങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് ഹിന്ദുത്വമായോ ഹിന്ദുദര്‍ശനവുമായോ യാതൊരു ബന്ധമില്ലാത്ത കാര്യങ്ങളാണ്. മതങ്ങളുടെ പേരില്‍ ഇന്ത്യയില്‍ രൂപം കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അതാതു മതവിശ്വാസവുമായി യാതൊരു ബന്ധവും ഇല്ല.

1920കളില്‍ ആര്‍എസ്എസ് രൂപപ്പെട്ടതും ഇതുപോലുള്ള അജണ്ടയുടെ ഭാഗമായിട്ടാണ്. മഹാരാഷ്ട്രയിലെ ബ്രാഹ്മണ സമുദായം തങ്ങളുടെ ഭൂസ്വത്തുക്കള്‍ നഷ്ടപ്പെടാതിരിക്കാന്‍ അവരുടെ കാവല്‍ക്കാരെന്ന നിലയില്‍ രൂപം നല്‍കിയ ആര്‍എസ്എസും തികഞ്ഞ ഇസ്ലാമിക ശാസനകളൊന്നും അനുസരിക്കാത്ത തികഞ്ഞ അരാജകവാദിയും മദ്യപാനിയുമായ മുഹമ്മദലി ജിന്നയുടെ നേതൃത്വത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ ലക്ഷ്യമിട്ട് രൂപം കൊണ്ട മുസ്ലിം ലീഗും ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇടതുപക്ഷത്തിന്റെ പ്രതിസന്ധി എന്നത് പാവപ്പെട്ട ജനങ്ങളുടെ പ്രതിസന്ധിയാകുന്നു. കേരളം എന്നും ഇടതുപക്ഷ മനസിനോടൊപ്പമാണ്. അതുകൊണ്ടു തന്നെയാണ് കേന്ദ്രത്തില്‍ വലതുപക്ഷനിലപാടിനോടൊപ്പം നില്‍ക്കുന്നവര്‍ കേരളത്തിലെത്തുമ്പോള്‍ ഇടതുപക്ഷ നിലപാടിനോട് ചേര്‍ന്നു നില്‍ക്കുന്നത്. നിലപാടുകളില്ലാത്ത ഒരു ഭരണാധികാരിയുടെ കീഴിലാണ് യുഡിഎഫ് ഭരണം മുന്നോട്ട് പോകുന്നതെന്നും നിരവധി ഉദാഹരണങ്ങള്‍ സഹിതം അദ്ദേഹം സമര്‍ഥിച്ചു.

കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സെന്ററിന്റെ സ്നേഹോപഹാരം ട്രഷറര്‍ അഷറഫ് കൊച്ചിയും ശക്തി തിയറ്റേഴ്സിന്റെ സ്നേഹോപഹാരം പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടിയും ശ്രീരാമകൃഷ്ണനു സമ്മാനിച്ചു. ചടങ്ങില്‍ ശക്തി ജനറല്‍ സെക്രട്ടറി വി.പി. കൃഷ്ണകുമാര്‍ സ്വാഗതവും സെന്റര്‍ ജോ. സെക്രട്ടറി ഒ. ഷാജി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള