സ്വിസ് ഫ്രാങ്കിന്റെ മൂല്യനിയന്ത്രണം പിന്‍വലിച്ചത് ചര്‍ച്ചയാകുന്നു
Saturday, January 17, 2015 10:31 AM IST
ബര്‍ലിന്‍: മൂല്യത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചതോടെ സ്വിസ് ഫ്രാങ്കിന് ഡോളറിനെതിരേയും യൂറോയ്ക്കെതിരേയും വന്‍ വിലക്കയറ്റം. സ്വിസ് നാഷണല്‍ ബാങ്കിന്റെ തീരുമാനത്തെ ചില സാമ്പത്തിക വിദഗ്ധര്‍ ധീരമെന്നു വിശേഷിപ്പിക്കുമ്പോള്‍, മറ്റു ചിലര്‍ ഇതിനെ വിഡ്ഢിത്തമെന്നാണ് വിളിക്കുന്നത്.

ഈ നീക്കം കാരണം രാജ്യത്ത് സമ്പദ് വ്യവസ്ഥ അപകടത്തിലാകുമെന്നും തൊഴിലില്ലായ്മ വര്‍ധിക്കുമെന്നും മുന്നറിയിപ്പു നല്‍കുന്നു. മൂന്നു വര്‍ഷമായി തുടരുന്ന നിയന്ത്രണമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

തീരുമാനം രാജ്യത്തിന്റെ വ്യവസായ മേഖലയ്ക്കു മേലും ആശങ്ക വളര്‍ത്തുന്നു. ഈ ആശങ്കയുടെ പ്രതിഫലനമെന്നോണം രാജ്യത്തെ ഓഹരി സൂചികയില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തി. വ്യവസായ മേഖല സ്വാഗതം ചെയ്ത തീരുമാനമായിരുന്നു 2011ല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഇപ്പോഴത്തെ തീരുമാനം കാരണം, അത്ര മികവുറ്റതല്ലാത്ത രീതിയില്‍ നടത്തിക്കൊണ്ടു പോകുന്ന കമ്പനികള്‍ പലതും ഗുരുതരമായ പ്രതിസന്ധിയിലാകുകയും പൂട്ടിപ്പോയാല്‍ തൊഴിലില്ലായ്മയ്ക്കു കാരണമാകുകയും ചെയ്യും എന്നാണ് വിലയിരുത്തല്‍.

ഒരു സ്വിസ് ഫ്രാങ്കിന് 0.98 സെന്റ് എന്ന അനുപാതത്തിലാണ് ഇപ്പോഴത്തെ വിനിമയ നിരക്ക്. ഒരു യൂറോയ്ക്ക് ഇന്ത്യന്‍ റുപ്പിയുമായി 76 ഉം, സ്വിസ് ഫ്രാങ്കുമായി 70 ഉം എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍