ഡല്‍ഹി നരേലയില്‍ ക്രിസ്മസ്, പുതുവത്സരാഘോഷം
Saturday, January 17, 2015 7:43 AM IST
ന്യൂഡല്‍ഹി: നരേല മലയാളി അസോസിയേഷന്റെ ക്രിസ്മസ്, പുതുവത്സരാഘോഷം റോസറി സ്കൂള്‍ അങ്കണത്തില്‍ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

11.30 ഓടെ ആരംഭിച്ച ആഘോഷപരിപാടികളില്‍ ക്ഷണിതാക്കളായി എത്തിയ സോനിപത് മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. അഞ്ജലി തോമസ്, ജിന്‍സി കുഞ്ഞുമോന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ആലപിച്ച പ്രാര്‍ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ എന്‍എംഎ മുന്‍ പ്രസിഡന്റ് വത്സന്‍ അധ്യക്ഷത വഹിച്ചു. വി.വി രാജുവിന്റെ സ്വാഗത പ്രസംഗത്തിനുശേഷം നരേല മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടോണി തോമസ്, മുന്‍ പ്രസിഡന്റ് ശ്രീവത്സന്‍, ട്രഷറര്‍ കുഞ്ഞുമോന്‍, സതി ദേവരാജന്‍, വി.വി. രാജു തുടങ്ങിയവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിച്ച് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു.

നരേല മലയാളി സമൂഹത്തില്‍ എന്‍എംഎയുടെ പ്രസക്തിയെ കുറിച്ച് മുന്‍ പ്രസിഡന്റും ഇന്നത്തെ സാഹചര്യത്തില്‍ എന്‍എംഎയുടെ അനിവാര്യതയും ഓരോ അംഗങ്ങളുടെയും ഭാഗത്തു നിന്നും ഉണ്ടാകേണ്ടാതായ സഹകരണത്തെ കുറിച്ച് നിലവിലെ പ്രസിഡന്റും ഊന്നി പറഞ്ഞു. എന്‍എംഎയുടെ നാളിതുവരെയുള്ള ആശാവഹമായ പ്രവര്‍ത്തനശൈലിയെ മുക്തഖണ്ഠം പ്രശംസിച്ച ഗുരുകുല്‍ വിദ്യാ പീഠം സ്കൂള്‍ പ്രിന്‍സിപ്പലും സോനിപത് മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ മോഹന്‍ രാജ്, ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുവാന്‍ തുടര്‍ന്നും നരേല മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ക്കു കഴിയട്ടെ എന്ന് ആശംസിച്ചു. നരേല മലയാളികളുടെ മഹിളാ പ്രതിനിധിയായി സതി ദേവരാജനും എസ്എംഎ സെക്രട്ടറി ഉഷാ പിള്ള തുടങ്ങിയവരും ചടങ്ങില്‍ പ്രസംഗിച്ചു.

കേക്ക് വിതരണത്തിനുശേഷം ആരംഭിച്ച കലാപരിപാടികളില്‍ ബേബി വിന്നി പ്രകാശ്, ബേബി അങ്കിത കൃഷ്ണന്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ബേബി മാന്‍സി വാട്ട്സ്, ബേബി വര്‍ഷ ജെറി, ബേബി അങ്കിത കൃഷ്ണന്‍, മിസ്റര്‍ ആദര്‍ശ് തുടങ്ങിയവരുടെ പ്രസംഗങ്ങളും അരങ്ങേറി. മാസ്റര്‍ അന്‍ഷു രാജ് അവതരിപ്പിച്ച യോഗാ ടിപ്സ് കാണികളുടെ പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചു. മുതിര്‍ന്നവരുടെ വിഭാഗത്തില്‍ അഞ്ജലി തോമസ്, വി.വി.രാജു, ജയചന്ദ്രന്‍ തുടങ്ങിയവര്‍ സ്വതസിദ്ധമായ ശൈലിയില്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. ജിന്‍സി കുഞ്ഞുമോന്‍ മലയാളത്തില്‍ എഴുതി തയാറാക്കിയ ഗാനാവതരണം ഏറെ ഹൃദ്യമായിരുന്നു.

കലാപരിപാടികള്‍ക്കുശേഷം എന്‍എംഎയുടെ സജീവ പ്രവര്‍ത്തകനായ സി.എസ്.കെ നായര്‍ ശാരീരിക ക്ളേശങ്ങള്‍ മൂലം അവശതയിലായതിനാല്‍ അദ്ദേഹത്തിന് സാമ്പത്തികമായും മറ്റും സഹായിക്കാന്‍ ഓരോ അംഗങ്ങളും മുന്നോട്ടു വരണമെന്ന് സെക്രട്ടറി പി.ഗോപാല കൃഷ്ണന്‍ സൂചിപ്പിച്ചതിനെത്തുടര്‍ന്ന് ഏറെ സന്മനസുകള്‍ അദ്ദേഹത്തിനായി സഹായഹസ്തവുമായി മുന്നോട്ടു വരികയും ചെയ്തു. തുടര്‍ന്ന് ട്രഷറര്‍ കുഞ്ഞുമോന്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. ക്ഷണിതാക്കള്‍ക്കും അംഗങ്ങള്‍ക്കുമായി പ്രത്യേക സദ്യയും ഭാരവാഹികള്‍ ഒരുക്കിയിരുന്നു.

റിപ്പോര്‍ട്ട്: പി.ഗോപാലകൃഷ്ണന്‍