ഡാളസ് കൌണ്ടിയില്‍ ഫ്ളൂ ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു
Saturday, January 17, 2015 2:44 AM IST
ഡാളസ്: ഡാളസ് കൌണ്ടിയില്‍ ഫ്ളൂ ബാധിച്ചു രണ്ടു പേര്‍ കൂടി മരിച്ചതോടെ ഈ സീസണില്‍ ആകെ മരിച്ചവരുടെ എണ്ണം എട്ടായി. ജനുവരി 16 വെളളിയാഴ്ച ഡാളസ് കൌണ്ടി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കുറിപ്പിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ജനുവരി പത്തിന് അവസാനിച്ച ആഴ്ചയില്‍ പരിശോധനയ്ക്കെത്തിയ രോഗികളില്‍ 174 ശതമാനം പേര്‍ക്ക് ഫ്ളൂ പരിശോധന പോസറ്റീവ് ആയിരുന്നു.

ഫ്ളൂ സീസണില്‍ നല്‍കിയ ഫ്ളൂ വാക്സിന്‍ 23ശതമാനം മാത്രമാണ് ഫലപ്രദമായതെന്ന് ഫെഡറല്‍ ഒഫീഷ്യല്‍സ് പറഞ്ഞു. ഫ്ളൂ വാക്സിന്‍ എടുക്കുന്നത് തുടരണമെന്നും പരിസര ശുചീകരണത്തില്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ആഴ്ചയില്‍ ഫ്ളൂ ബാധിച്ച് 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ 34 പേരെ പിന്നീട് ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റിയതായും കൌണ്ടി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍