അരിസോണയില്‍ മണ്ഡല മകര വിളക്ക് പൂജ ജനുവരി 17 ന്
Friday, January 16, 2015 10:05 AM IST
അരിസോണ: അരിസോണയില്‍ ജനുവരി 17 ന് (ശനി) വിപുലമായ രീതിയില്‍ അയ്യപ്പ മകരവിളക്ക് ആഘോഷിക്കുന്നു. മാരികോപ്പ സിറ്റിയിലെ മഹാഗണപതി ക്ഷേത്രത്തോടനുബന്ധമായി സ്ഥിതി ചെയ്യുന്ന അയ്യപ്പ കോവിലാണ് ആഘോഷങ്ങള്‍ക്ക് വേദിയാകുന്നത്.

നീണ്ട വൃതാനുഷ്ടാനങ്ങള്‍ക്കുശേഷം അയ്യപ്പ ഭക്തന്മാര്‍ അന്നേദിവസം ഇരുമുടിക്കെട്ടുനിറച്ച് കാല്‍നടയായി സഞ്ചരിച്ച് അയ്യപ്പ സ്വാമി ദര്‍ശനം നടത്തും. തുടര്‍ന്ന് ക്ഷേത്രത്തിലെ പ്രധാന തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പ്രത്യേക അയ്യപ്പപൂജ, അഭിഷേകം, പടിപൂജ, അയ്യപ്പ അര്‍ച്ചന, ദീപാരാധന എന്നിവ നടക്കും. അയ്യപ്പ സമാജം അരിസോണയുടെ നേതൃത്വത്തില്‍ അയ്യപ്പ ഭക്തര്‍ നയിക്കുന്ന പ്രത്യേക അയ്യപ്പ ഭജന അരിസോണയിലെ കലാ പ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ എന്നിവ ആഘോഷത്തിന് കൂടുതല്‍ മിഴിവേകും.

രാവിലെ 11 ന് ആരംഭിക്കുന്ന മകര വിളക്ക് ഉത്സവ പരിപാടികള്‍ വൈകിട്ട് ആറിന് നടക്കുന്ന ദീപരധന, അത്താഴപൂജ എന്നിവയ്ക്കുശേഷം ഹരിവരാസനം പാടി നടയടക്കുന്നതോടെ പൂര്‍ത്തിയാകും.

എല്ലാ വിശ്വാസികളും ഈ വിശേഷാല്‍ പൂജാദി കര്‍മങ്ങളില്‍ പങ്കുചേര്‍ന്ന് കലിയുഗ വരദനായ ശ്രീ അയ്യപ്പസ്വാമിയുടെ അനുഗ്രഹകടാക്ഷങ്ങള്‍ നേടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: മനു നായര്‍