ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് കേരളത്തില്‍ ബിസിനസ് സമ്മേളനങ്ങള്‍ നടത്തുന്നു
Friday, January 16, 2015 6:30 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് (ഐഎ എംസിസി) കേരളത്തില്‍ ബിസിനസ് സമ്മേളനങ്ങള്‍ നടത്തുന്നു. ജനുവരി 21 ന് കൊച്ചിയിലും 28ന് തിരുവനന്തപുരത്തുമാണ് സമ്മേളനങ്ങള്‍ നടത്തുന്നത്.

ഐഎഎംസിസി പ്രസിഡന്റ് മാധവന്‍ ബി. നായരുടെ നേതൃത്വത്തില്‍ നടത്തുന്ന സമ്മേളനങ്ങളില്‍ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധികള്‍, അമേരിക്കയിലെയും കേരളത്തിലെയും പ്രമുഖ വ്യവസായികള്‍, സംരംഭകര്‍, കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ പ്രതിനിധികള്‍, സാമൂഹ്യ, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ബിസിനസ് കോണ്‍ഫറന്‍സ് കൊച്ചിയില്‍ 21ന് (ബുധന്‍) ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബില്‍ഡിംഗില്‍ വൈകുന്നേരം 5.30 നും തിരുവനന്തപുരത്ത് ടിഎംഎ ഹാളില്‍ 28 ന് (ബുധന്‍) വൈകുന്നേരം 5.30 നും നടക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത 'മെയ്ക്ക് ഇന്‍ ഇന്ത്യ' പ്രോഗ്രാമിനോടനുബന്ധിച്ച് അമേരിക്കയിലെ മലയാളി ബിസിനസ് സമൂഹത്തിന് കേരളത്തിലുള്ള പുതിയ ബിസിനസ് നിക്ഷേപ സാധ്യതകളെക്കുറിച്ച് മനസിലാക്കുകയും പുതിയ പദ്ധതികള്‍ നടപ്പിലാക്കാനുള്ള ആശയങ്ങള്‍ കൈമാറുകയുമാണ് സമ്മേളനത്തിന്റെ പ്രധാന ഉദ്ദേശം.

സമ്മേളനങ്ങള്‍ വിജയകരമായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നതായി ഐഎഎംസിസി പ്രസിഡന്റ് മാധവന്‍ ബി. നായര്‍, വൈസ്പ്രസിഡന്റ് ജോര്‍ജ് കുട്ടി, സെക്രട്ടറി വിന്‍സന്റ് സിറിയക്ക്, ജോ. സെക്രട്ടറി ജോസ് തെക്കേടം, ട്രഷറര്‍ കോശി ഉമ്മന്‍, ജോ. ട്രഷറര്‍ സുധാകര്‍ മേനോന്‍ എന്നിവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: വിനീത നായര്‍