ഫൊക്കാന കേരള കണ്‍വന്‍ഷന്‍: പ്രതിനിധികള്‍ യാത്ര തിരിച്ചു
Friday, January 16, 2015 6:22 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാന കേരള കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ നിന്നും എഴുപത്തഞ്ചോളം പേരും കാനഡയില്‍ നിന്ന് അമ്പതോളം വരുന്ന പ്രതിനിധി സംഘവും കേരളത്തിലേക്ക് യാത്രതിരിച്ചു.

അമേരിക്കയിലെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ ഗവണ്‍മെന്റ് തലത്തില്‍ അവതരിപ്പിക്കുന്നതോടൊപ്പം, പ്രവാസികള്‍ക്ക് സാമൂഹികനീതി കേരളത്തില്‍ നേടിയെടുക്കുക എന്നതുകൂടിയാണ് കണ്‍വന്‍ഷന്റെ ലക്ഷ്യം.

ഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരള ജനതയുടെ മുന്നില്‍ അവതരിപ്പിക്കുകയും സഹായം വേണ്ടവരെ കണ്ടുപിടിച്ച് സഹായം നല്‍കാനുമാണ് ഫൊക്കാന ഉദ്ദേശിക്കുന്നത്.

കേരളത്തിലെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഫൊക്കാന എക്കാലവും പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. 'ഭാഷയ്ക്കൊരു ഡോളര്‍' ഫൊക്കാനയുടെ സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളില്‍ ഒന്നുമാത്രമാണ്. മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ചാണ് കവയത്രി സുഗതകുമാരിക്ക് ഫൊക്കാന ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിക്കുന്നത്. ലോകത്തിലെ തന്നെ അറിയപ്പെടുന്ന തിരക്കഥാകൃത്തും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന് ഫൊക്കാന ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിക്കുന്നതും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ്.

ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന്‍ ഒരു ചരിത്ര സംഭവമാക്കുവാന്‍ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, എക്സി. വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ കേരളത്തിലെത്തി നേതൃത്വം നല്‍കിവരുന്നു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍