പ്രസ്റണ്‍ സെന്റ് ഇഗ്നേഷ്യസ് ദേവാലയം സീറോ മലബാര്‍ സഭയ്ക്ക് സ്വന്തം
Friday, January 16, 2015 6:19 AM IST
ലണ്ടന്‍: യുകെയിലുള്ള സീറോ മലബാര്‍ കത്തോലിക്കര്‍ക്കായി മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അഭ്യര്‍ഥനപ്രകാരം ലാന്‍കസ്റര്‍ രൂപത ബിഷപ് പ്രസ്റണിലെ സെന്റ് ഇഗ്നേഷ്യസ് ദേവാലയവും പള്ളിമുറിയും അനുവദിച്ചു.

2014 ഡിസംബര്‍ 31ന് സ്വന്തമായി ഒരു ദേവാലയം പ്രസ്റണില്‍ അനുവദിക്കാനുള്ള കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അഭ്യര്‍ഥന ലാന്‍കസ്റര്‍ ബിഷപ് മൈക്കിള്‍ കാംബല്‍ സ്വീകരിക്കുകയായിരുന്നു. ലാന്‍കസ്റര്‍ രൂപതയുടെയും പ്രസ്റണിലെ സീറോ മലബാര്‍ വൈദികരുടെയും ജനങ്ങളുടെ കൂട്ടായ യജ്ഞത്തിന്റെയും ഹൃദ്യമായ ബന്ധങ്ങളുടെയും ഫലമാണ് പുതിയ സംരംഭം.

സെന്റ് ഇഗ്നേഷ്യസ് ദേവാലയം പ്രസ്റണിലെ സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ ഏറ്റവും മനോഹരവും ജീവന്‍ തുടിക്കുന്നതുമായ ഒരു കേന്ദ്രമാണെന്നും അവിടുത്തെ വികാരി ഫാ. മാത്യു ചൂരപൊയ്കയുമായി സഭയുടെ വളര്‍ച്ചയ്ക്കുവേണ്ടി ഒരുമിച്ച് സഹകരിച്ച് മുമ്പോട്ടു പോകുവാന്‍ താനും ഇടവകവികാരി കാനന്‍ വാള്‍ഷും പ്രയത്നിക്കുമെന്ന് ബിഷപ് മൈക്കിള്‍ കാംബല്‍ പറഞ്ഞു.

2004 ല്‍ ആണ് ലാന്‍കസ്റര്‍ രൂപതയില്‍ സീറോ മലബാര്‍ സഭയുടെ തുടക്കം. സഭയുടെ ആരംഭം മുതല്‍ ഇന്നുവരെ പ്രാര്‍ഥനാ കൂട്ടായ്മകള്‍ക്കും ആരാധനാക്രമങ്ങള്‍ക്കും മറ്റ് സമ്മേളനങ്ങള്‍ക്കും ആശ്രയിച്ചിരുന്നത് രൂപതയിലെ വിവിധ ദേവാലയങ്ങളെയായിരുന്നു. 110ഓളം കുടുംബങ്ങളാണ് ഇന്ന് പ്രസ്റണില്‍ സീറോ മലബാര്‍ സഭയുടെ കീഴിലുള്ളത്. ഞായറാഴ്ച നടക്കുന്ന മതബോധന ക്ളാസുകളില്‍ 92 കുട്ടികള്‍ പങ്കെടുക്കുന്നു. 2014 ല്‍ 12 പ്രഥമദിവ്യകാരുണ്യ സ്വീകരണവും 2013ല്‍ 10 സ്ഥൈര്യലേപനവും നടന്നിരുന്നു. പ്രാര്‍ഥനയില്‍ ശക്തി പ്രാപിക്കുന്നതിനും വിശ്വാസപരിശീലനത്തിനുമായി എട്ടു കുടുംബയൂണിറ്റുകള്‍കൂടി രൂപീകരിക്കപ്പെട്ടു.

റിപ്പോര്‍ട്ട്: ആന്റണി ചുണ്െടലിക്കാട്ട്