ഭീകരബന്ധം സംശയിക്കപ്പെടുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ജര്‍മനി കണ്ടുകെട്ടും
Thursday, January 15, 2015 10:11 AM IST
ബര്‍ലിന്‍: ഭീകര സംഘടനകളുമായി ബന്ധമുള്ളതായി സംശയിക്കപ്പെടുന്ന പൌരന്‍മാരുടെ ഐഡന്റിറ്റി കാര്‍ഡുകള്‍ കണ്ടുകെട്ടാനുള്ള തീരുമാനം ഉദ്ദേശിച്ചിരുന്നതിലും വേഗത്തില്‍ നടപ്പാക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ നിശ്ചയിച്ചു. ബുധനാഴ്ച ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രത്യേക മന്ത്രിസഭായോഗത്തില്‍ ആഭ്യന്തരമന്ത്രി തോമസ് ഡി. മൈസിയിറെ അവതരിപ്പിച്ച വിഷയം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. വിഷയത്തെ കൂട്ടുകക്ഷി സര്‍ക്കാരിലെ സഖ്യകക്ഷിയായ സോഷ്യലിസ്റുകള്‍ എതിര്‍ത്തെങ്കിലും അവസാനം ഏകകണ്ഠമായി ലക്ഷ്യം കണ്ടു. സിറിയയും ഇറാക്കും അടക്കം ഭീകരപ്രവര്‍ത്തനം ശക്തമായ രാജ്യങ്ങളിലേക്ക് ഇവര്‍ പോകുന്നതു തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഇപ്പോള്‍ അധികൃതരുടെ പരിശോധന ഒഴിവാക്കാന്‍ തുര്‍ക്കിയിലേക്കു കടക്കുകയും അവിടെനിന്ന് സിറിയയിലേക്കും ഇറാക്കിലേക്കും പോകുകയുമാണ് ജര്‍മനിയിലുള്ള തീവ്രവാദികള്‍ ചെയ്യുന്നത്. ജര്‍മന്‍ ഐഡന്റിറ്റി കാര്‍ഡ് കൈവശമുണ്ടെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെവിടെയും അതിര്‍ത്തി കടന്നു നിര്‍ബാധം സഞ്ചരിക്കാം. ഈ സാഹചര്യത്തിലാണ് സംശയിക്കപ്പെടുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടുകെട്ടുന്നത്.

ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന കാര്‍ഡുകള്‍ മൂന്നു വര്‍ഷം വരെ തടഞ്ഞു വയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനു പകരം, രാജ്യാതിര്‍ത്തി കടക്കാന്‍ അനുമതി നിഷേധിക്കുന്ന തരത്തിലുള്ള താത്കാലിക കാര്‍ഡുകള്‍ നല്‍കും.

യൂറോപ്യന്‍ യൂണിയനില്‍ യാത്രാ സ്വാതന്ത്യ്രം അനുവദിക്കപ്പെട്ടിരിക്കുന്നതിനാല്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്താലും യാത്ര ചെയ്യുന്നതില്‍ തടസം വരുന്നില്ല. അതിനാലാണ് ഐഡന്റിറ്റി കാര്‍ഡ് പിടിച്ചെടുക്കുന്ന രീതി പ്രാവര്‍ത്തികമാക്കുന്നത്.

പുതിയ നയത്തിനെതിരെ ജര്‍മനിയിലുള്ള മുസ്ലിങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍