യൂത്ത് ഇന്ത്യ പ്രവാസി സാഹിത്യ പുരസ്കാരം എം. മുകുന്ദന്റെ 'പ്രവാസ'ത്തിന്
Thursday, January 15, 2015 6:07 AM IST
കുവൈറ്റ് സിറ്റി: മൂന്നാമത് യൂത്ത് ഇന്ത്യ പ്രവാസി സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. ഗള്‍ഫ് പ്രവാസം ഉള്‍പ്പെടെ മലയാളിയുടെ ഒരു നൂറ്റാണ്ടുകാലത്തെ പ്രവാസാനുഭങ്ങള്‍ ബൃഹത് നോവല്‍ രൂപത്തില്‍ സംവേദനം ചെയ്ത എം.മുകുന്ദന്റെ 'പ്രവാസം' എന്ന കൃതിയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തതെന്ന് യൂത്ത് ഇന്ത്യ കുവൈറ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മാഹി സ്വദേശിയായ എം. മുകുന്ദന്‍ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം, കേരള സാഹിത്യ അക്കാഡമി പുരസ്കാരം, ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് ബഹുമതി, വയലാര്‍ പുരസ്കാരം, കമലാ സുരയ്യ പുരസ്കാരം, മുട്ടത്തുവര്‍ക്കി പുരസ്കാരം തുടങ്ങി ഇരുപതിലധികം ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ഒരു എഴുത്തുകാരന്‍ എന്നതിലുപരി കേരളത്തിലെ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളില്‍ തന്റേതായ ഇടപെടലുകള്‍ നടത്തുന്ന വ്യക്തിത്വം കൂടിയാണ് അദ്ദേഹം. നീണ്ടകാലം ഫ്രഞ്ച് എംബസിയിലെ ഔദ്യോഗിക ജീവിതത്തല്‍ നിന്ന് വിരമിച്ച ശേഷം രചിച്ച മുകുന്ദന്റെ മികച്ച സൃഷ്ടിയാണ് 'പ്രവാസം'. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ദൈവത്തിന്റെ വികൃതികള്‍, കേശവന്റെ വിലാപങ്ങള്‍, ഡല്‍ഹി, ഡല്‍ഹി ഗാഥകള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റു കൃതികളാണ്.

ഫെബ്രുവരി 13 ന് കുവൈറ്റില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് യൂത്ത് ഇന്ത്യ ഭാരവാഹികള്‍ അറിയിച്ചു. ബെന്യാമിന്റെ 'ആടുജീവിതം', ബാബു ഭരദ്വാജിന്റെ 'പ്രവാസിയുടെ കുറിപ്പുകള്‍' എന്നിവയാണ് മുന്‍ വര്‍ഷങ്ങളില്‍ യൂത്ത് ഇന്ത്യ പ്രവാസി സാഹിത്യപുരസ്കാരം കരസ്ഥമാക്കിയ കൃതികള്‍.

യൂത്ത് ഇന്ത്യ കഴിഞ്ഞ പ്രവര്‍ത്തനവര്‍ഷം 56,559 ദീനാര്‍ (ഏകദേശം ഒരു കോടി 19 ലക്ഷം രൂപയുടെ) വ്യത്യസ്തങ്ങളായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഈ അവസരത്തില്‍ പുതിയ സേവനപദ്ധതികള്‍ പ്രഖ്യാപിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

'ബെറ്റര്‍ ടുമാറോ' എന്ന തലക്കെട്ടില്‍ ജനകീയ പങ്കാളിത്തത്തോടെ ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് തുഛവരുമാനക്കാരായ പ്രവാസികള്‍ക്ക് വിതരണം ചെയ്യും. കൂടാതെ കേരളത്തില്‍ പട്ടിണി മരണങ്ങള്‍ ഇന്നും തുടരുകയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമാകുകയും ചെയ്ത സാഹചര്യത്തില്‍ വയനാട് ജില്ലയിലെ നൂറ് കുടുംബങ്ങള്‍ക്കായി റേഷന്‍ പദ്ധതി നടപ്പിലാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ യുത്ത് ഇന്ത്യ കുവൈറ്റ് പ്രസിഡന്റ് റഫീഖ് ബാബു, ജനറല്‍ സെക്രട്ടറി പി.ടി. ഷാഫി, വൈസ് പ്രസിഡന്റുമാരായ നിസാര്‍ കെ. റഷീദ്, സി.കെ നജീബ്, കലാ സാംസ്കാരിക വിഭാഗം കണ്‍വീനര്‍ നൈസാം എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍