വൈഎംസിഎ അബുദാബി എക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ 'ഗ്ളോറിയസ് ഹാര്‍മണി 2014' സമാപിച്ചു
Thursday, January 15, 2015 6:06 AM IST
അബുദാബി: മത, സാംസ്കാരിക വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന വൈഎംസിഎയുടെ (യംഗ് മെന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍) അബുദാബി ചാപ്റ്റര്‍ സംഘടിപ്പിച്ച എക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ 'ഗ്ളോറിയസ് ഹാര്‍മണി 2014' ജനുവരി 10ന് (ശനി) രാത്രി 7.30 ന് അബുദാബി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്ററില്‍ നടന്നു.

ഇന്ത്യ, ഫിലിപ്പൈന്‍, ശ്രീലങ്ക, എതോപ്യ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ യുഎഇയിലെ പ്രവാസികളുടെ ക്രിസ്മസ് സംഘ ഗാനങ്ങള്‍ 'ഗ്ളോറിയസ് ഹാര്‍മണി 2014' ആഘോഷം മികവുറ്റതാക്കി.

മുഖ്യപ്രഭാഷകനായിരുന്ന ഫാ. ജി. യോഹന്നാന്‍ ക്രിസ്മസ് സന്ദേശത്തില്‍ പൂര്‍ണമനസോടെ ദൈവത്തെ സ്നേഹിക്കുക, തിന്മയെ നന്മയാല്‍ കീഴടക്കുക, നന്മയുള്ള ജീവിതം നയിക്കുക, ഈ ക്രിസ്മസ് ആഘോഷവേളയില്‍ ഭൂമിയിലെ എല്ലാവരും സ്നേഹത്തോടെ, സൌഹാര്‍ദ്ദത്തോടെ ജീവിക്കാനുള്ള തീരുമാനം എടുക്കുക എന്ന് ഉദ്ബോധിപ്പിച്ചു.

വൈഎംസിഎ ജനറല്‍ സെക്രട്ടറി ബേസില്‍ വര്‍ഗീസ് സ്വാഗതവും പ്രസിഡന്റ് എ.ജെ. ജോയിക്കുട്ടി ക്രിസ്മസ്, പുതുവത്സരാശംസകളും അറിയിച്ചു. പ്രോഗ്രാം കണ്‍വീനര്‍ രാജന്‍ തറയശേരി ഏവര്‍ക്കും നന്ദിയും പറഞ്ഞു.

വിവിധ ക്രിസ്തീയ സഭകളുടെ ഐക്യ വേദിയായ വൈഎംസിഎ എല്ലാ വര്‍ഷവും നടത്തി വരുന്ന 'ഗ്ളോറിയസ് ഹാര്‍മണി' ക്രിസ്മസ് കരോള്‍ ആഘോഷങ്ങള്‍ അനുഗ്രഹമായി സമാപിച്ചു. പരിപാടിയില്‍ മത,സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള