നരേന്ദ്ര മോദിക്കെതിരായ കേസ് യുഎസ് ഫെഡറല്‍ ജഡ്ജി തളളി
Thursday, January 15, 2015 6:05 AM IST
ന്യുയോര്‍ക്ക്: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തു മുസ്ലീങ്ങള്‍ക്കെതിരെ ഉണ്ടായ ആക്രമണം തടയുന്നതില്‍ നരേന്ദ്ര മോദി പരാജയപ്പെട്ടെന്നും ആയിരത്തിലധികം ജനങ്ങള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ നരേന്ദ്ര മോദി കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു ഹ്യൂമന്‍ റൈറ്റ്സ് ഗ്രൂപ്പ് സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത ലൊ സ്യൂട്ട് ന്യുയോര്‍ക്ക് ഫെഡറല്‍ ജഡ്ജി അനലിസ ടോറസ് ജനുവരി 14 ന് തളളി. ഇന്ത്യന്‍ പ്രധാനമന്ത്രി കോടതിയുടെ അധികാരപരിധിക്കു പുറത്താണെന്ന് കോടതി ചൂണ്ടിക്കാട്ടി. 2002 ല്‍ നടന്ന സംഭവത്തില്‍ ഇന്ത്യന്‍ കോടതി നരേന്ദ്ര മോദി കുറ്റക്കാരനല്ലെന്ന് വിധിച്ചിരുന്നു.

അമേരിക്കന്‍ ജസ്റീസ് സെന്റര്‍ ഫയല്‍ ചെയ്ത സിവില്‍ സ്യൂട്ടില്‍ ഗുജറാത്തില്‍ നടന്ന കൂട്ടക്കൊലയുടെ ഉത്തരവാദിത്വം നരേന്ദ്ര മോദിക്കാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുഎസ് സന്ദര്‍ശിക്കുന്നതിന് 2005 ല്‍ മോദി സമര്‍പ്പിച്ച വീസ ആപ്ളിക്കേഷന്‍ യുഎസ് സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല.

ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം ബറാക്ക് ഒബാമ യുഎസ് സന്ദര്‍ശിക്കുന്നതിന് മോദിയെ ക്ഷണിച്ചു. ജനുവരി 26 ന് ഇന്ത്യന്‍ റിപ്പബ്ളിക്ക് ദിനപരേഡില്‍ മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് പങ്കെടുക്കുന്നതിനുമുമ്പ് മോദിയുടെ പേരിലുളള കേസ് കോടതി തളളിയത് ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഉപകരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍