നായര്‍ ബനവലന്റ് അസോസിയേഷന്‍ ശ്രീ മന്നത്ത് പത്മനാഭന്റെ ജന്മദിനം ആഘോഷിച്ചു
Thursday, January 15, 2015 4:36 AM IST
ന്യൂയോര്‍ക്ക് : 'എന്റെ ദേവനും ദേവിയും നായര്‍ സര്‍വ്വീസ് സൊസൈറ്റിയാണ്' എന്ന് പ്രഖ്യാപിച്ചുകൊണ്ട് സ്വജീവിതം സമുദായോന്നതിക്കുവേണ്ടി ഉഴിഞ്ഞുവച്ച ഭാരത കേസരി പദ്മഭൂഷണ്‍ ശ്രീ മന്നത്ത് പത്മനാഭന്‍ ഭൂജാതനായത് 1878 ജനുവരി രണ്ടാം തിയതി ആണ്. അദ്ദേഹത്തിന്റെ ജന്മദിനം മന്നം ജയന്തിയായി ആഘോഷിക്കുന്നു. 138ാം ജന്മദിനവും എന്‍എസ്എസിന്റെ ശതവാര്‍ഷികവും ജനുവരി 2നു ആഘോഷിക്കുകയുണ്ടായി. ഇതോടനുബന്ധിച്ച് ജനുവരി 3 ശനിയാഴ്ച്ച ന്യൂയോര്‍ക്കില്‍ നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ വച്ച് പ്രത്യേകം ഭജനയും വിശേഷാല്‍ പൂജകളും സെമിനാറും, മീറ്റിങ്ങും നടത്തി.

എന്‍.ബിഎ.യുടെ സ്ഥാപക പ്രസിഡന്റ് ഡോ. രാമചന്ദ്രന്‍ നായര്‍ മുഖ്യാതിഥിയായി പങ്കെടുത്ത അനുസ്മരണ യോഗത്തില്‍ ഇപ്പോഴത്തെ പ്രസിഡന്റ് രഘുവരന്‍ നായര്‍ ആമുഖ പ്രസംഗവും അനുസ്മരണ പ്രഭാഷണവും നടത്തി. മുന്‍ പ്രസിഡന്റുമാരായ ഗോപിനാഥ് കുറുപ്പ്, ജി.കെ.നായര്‍, ജയപ്രകാശ് നായര്‍, സുനില്‍ നായര്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. വുമണ്‍സ് ഫോറം ചെയര്‍പേഴ്സണ്‍ രാജേശ്വരി രാജഗോപാല്‍ സെമിനാറിന് നേതൃത്വം കൊടുത്തു.

എന്‍എസ്എസ് സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഒരു സത്യപ്രസ്താവന അഥവാ പ്രതിജ്ഞ എടുത്തത് പ്രത്യേകം അനുസ്മരിച്ചു. ഇതനുസരിച്ച് പ്രവര്‍ത്തിച്ച് മുന്നേറുകയെന്ന ദൌത്യം ഇന്നും തുടരുന്നു. 'ഞാന്‍ നായര്‍ സമുദായോന്നതിക്കായി നിരന്തരം ആലോചിക്കുകയും പരിശ്രമിക്കുകയും ചെയ്യും. അങ്ങനെയുള്ള ശ്രമങ്ങളില്‍ ഇതര സമുദായക്കാര്‍ക്ക് ദോഷകരമായ യാതൊരു പ്രവര്‍ത്തിയും ചെയ്യുന്നതല്ല. ഈ സംഘോദ്ദേശ്യങ്ങളെ മുന്‍നിര്‍ത്തിയും ഉദ്ദേശസാധ്യത്തിനു വേണ്ട ന്യായമായ കരുതലോടുകൂടിയും ജീവിച്ചുകൊള്ളാം. സത്യം സത്യം സത്യം'?എന്ന പ്രതിജ്ഞാവാചകം ചൊല്ലിക്കൊണ്ടായിരുന്നു എന്‍എസ്എസിന്റെ സ്ഥാപക നേതാക്കള്‍ സംഘടനയ്ക്ക് രൂപം നല്‍കി പ്രവര്‍ത്തനം ആരംഭിച്ചത്.

മന്നത്തിന്റെ ആത്മകഥയില്‍, സുഖലോലുപത മൂലമുണ്ടായ അലസതയും തന്മൂലം പ്രയത്നശീലം വിട്ടുപിരിഞ്ഞ് പഴയ പ്രതാപത്തെ അയവിറക്കിക്കൊണ്ട് തൊഴുത്തില്‍കുത്ത് ഒരു തൊഴിലായി സ്വീകരിച്ച് അന്ധവിശ്വാസവും, അനാചാരവും, ആഡംബര ഭ്രമവും, ആഘോഷ ബഹുലതയും കാലത്തിനു പറ്റാത്ത മരുമക്കത്തായവും ചേര്‍ന്ന് നാഥനില്ലാതെ അധഃപ്പതനത്തിന്റെ അടിത്തട്ടിലേക്ക് അതിവേഗം പ്രയാണം ചെയ്തിരുന്ന സമുദായോദ്ധാരണം ലക്ഷ്യമാക്കി ആണ് ആദ്യം പ്രവര്‍ത്തനം ആരംഭിച്ചത്. '4 കെട്ടുകളാണ്' സമുദായത്തിന്റെ നാലുകെട്ടുകള്‍ തകര്‍ത്തത് എന്ന് അദ്ദേഹം മനസ്സിലാക്കി. കേസുകെട്ട്, താലികെട്ട്, കുതിരകെട്ട്, വെടിക്കെട്ട് ഇങ്ങനെ സമ്പത്ത് നശിപ്പിച്ചു കൊണ്ടിരുന്ന പ്രവണതകളെ ഇല്ലാതാക്കി ആയിരത്തി ഒരുനൂറാമാണ്ട് മക്കത്തായ സമ്പ്രദായം നിയമം മൂലം നിലവില്‍ കൊണ്ടുവന്നു. വിദ്യാഭ്യാസം, കൃഷി, വ്യവസായം, കുടിയേറ്റം, സാമ്പത്തികസ്ഥിതി, ആരോഗ്യരംഗം എന്നീ വിഷയങ്ങളില്‍ സഹപ്രവര്‍ത്തകരുമായി പ്രവര്‍ത്തിച്ച് ഉന്നതി കൈവരിച്ചു.

സജീവ രാഷ്ട്രീയത്തോട് താല്പര്യമില്ലായിരുന്നുവെങ്കിലും സമുദായത്തിന് ദോഷമോ ക്ഷീണമോ വരുന്നുവെന്ന് തോന്നിയ ഘട്ടങ്ങളില്‍ എന്‍.എസ്.എസ്. രാഷ്ട്രീയമായി ഇടപെട്ടിട്ടുള്ളതിനു നിരവധി ദൃഷ്ടാന്തങ്ങള്‍ ഉണ്ട്. ഇന്നും സമുദായോന്നതിക്കായി ഇതേ മാതൃക പിന്തുടരുന്നു. 'സമദൂരം ഒരു ശരിദൂരം' ശരിയല്ല എന്ന് പറയുന്നവരും പ്രസ്ഥാനത്തിന്റെ നന്മയ്ക്കായി കെട്ടുറപ്പ് നഷ്ടപ്പെടുത്താതെ ഐക്യത്തോടെ പ്രവര്‍ത്തിക്കുന്നു. 'സമുദായ സേവനവും, രാജ്യ സേവനവും' രണ്ടല്ല എന്നും അവ ഒരേ സമയം തന്നെ ഒരുമിച്ച് നടത്തുവാന്‍ സാധ്യമാണെന്നുമായിരുന്നു സമുദായാചാര്യന്റെ ആദര്‍ശം. അതില്‍ പൂര്‍ണ്ണമായും വിശ്വസിച്ചുകൊണ്ടാണ് എന്‍.എസ്.എസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഇപ്പോഴും തുടരുന്നത്.

2010 മുതല്‍ അമേരിക്കയിലും കാനഡായിലുമുള്ള ഇതര നായര്‍ സംഘടനകളെ ഒരുമിച്ചുകൂട്ടി എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയെന്ന പ്രസ്ഥാനം ന്യൂയോര്‍ക്കില്‍ രൂപം കൊടുത്തു. അതിന്റെ ഇപ്പോഴത്തെ പ്രസിഡന്റും മുന്‍ ഫൊക്കാന പ്രസിഡന്റുമായ ശ്രീ ജി.കെ. പിള്ളയ്ക്ക് നേരിട്ട അത്യാഹിതത്തില്‍ യോഗം അമര്‍ഷം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിനുവേണ്ടി പ്രത്യേകം പൂജകളും പ്രാര്‍ഥനകളും നടത്തുകയുണ്ടായി.

ജി. കെ. പിള്ളയെ വെടിവെച്ച അക്രമിയെ എത്രയും വേഗം കണ്ടുപിടിക്കുകയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കാണിച്ച് ഒരു മെമ്മോറാണ്ടം അധികാരികള്‍ക്ക് സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ സമൂഹം ഇതുപോലെ പല ഭീഷണികളും നാനാ ഭാഗങ്ങളിലും നേരിടുന്നുണ്െടന്നും ലോകത്തിലെവിടെയാണെങ്കിലും ഒറ്റക്കെട്ടായി ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യോഗം വിലയിരുത്തി.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍