അയ്യായിരത്തോളം യൂറോപ്യന്മാര്‍ ഐഎസ് സംഘടനയില്‍ അംഗങ്ങളാണെന്ന് യൂറോപോള്‍
Wednesday, January 14, 2015 10:17 AM IST
ബര്‍ലിന്‍: വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം പേര്‍ ഇസ്ലാമിക് സ്റേറ്റ് (ഐഎസ്) ഭീകരസംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതായി യൂറോപ്യന്‍ പോലീസ് ഏജന്‍സിയായ യൂറോപോള്‍ വെളിപ്പെടുത്തി. ഇതില്‍ ഭൂരിഭാഗവും യുവാക്കളാണെന്നും യൂറോപോള്‍ മേധാവി റോബ് വെയ്ന്‍റൈറ്റ് പറഞ്ഞു.

നിലവില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഇന്റര്‍നെറ്റിന്റെ സഹായമാണ് ഇവര്‍ കൂടുതലായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഭീകര സംഘടനകളുടെ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കിംഗ് നിരീക്ഷിച്ചു വരികയാണെന്നും മേധാവി കൂട്ടിച്ചേര്‍ത്തു. ഏതാണ്ട് മുപ്പതു ശതമാനം പേര്‍ സ്വരാജ്യങ്ങളില്‍ തിരികെയെത്തിയതായി സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതില്‍ എത്രയാളുകള്‍ രാജ്യത്ത് തിരികെ എത്തിയെന്നും കഴിഞ്ഞ വാരത്തില്‍ പാരിസില്‍ നടന്നതുപോലെയുള്ള ഭീകരാക്രമണം ഇനിയുമുണ്ടാകാതിരിക്കാനുള്ള നടപടികള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും മേധാവി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍