ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കല്‍: കുവൈറ്റില്‍ പിഴ വരുന്നു
Wednesday, January 14, 2015 10:06 AM IST
കുവൈറ്റ്: കെട്ടിടങ്ങളുടെ ബാല്‍ക്കണികളിലും പുറത്തും വസ്ത്രങ്ങള്‍ ഉണക്കാനിടുന്നത് നിരോധിക്കുവാന്‍ ആലോചന. അത്തരക്കാര്‍ക്കെതിരെ പിഴ ചുമത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ കൈകൊള്ളാന്‍ മുനിസിപ്പാലിറ്റി ഒരുങ്ങുന്നതായി മുന്‍സിപ്പല്‍ കൌണ്‍സിലര്‍ അബ്ദുള്ള അല്‍ കന്ദരി അറിയിച്ചു. രാജ്യത്തിന്റെ പൊതുഭംഗിയും പ്രതിച്ഛായയും മോശമാക്കുന്ന ഈ പ്രവണത അവസാനിപ്പിക്കാന്‍ സമയമായെന്ന് അദ്ദേഹം വ്യക്തമാക്കി.

സാല്‍മിയ, കുവൈറ്റ് സിറ്റി, ശഅബ് തുടങ്ങി സന്ദര്‍ശകര്‍ ഏറെ എത്തുന്ന ഇടങ്ങളിലും ഇത്തരത്തില്‍ ഉപയോഗിക്കുന്നത് പ്രദേശത്തിന്റെ മനോഹാരിതയ്ക്ക് കോട്ടം സൃഷ്ടിക്കും. ചട്ടം ലംഘിക്കുന്ന വീട്ടുടമകള്‍, ഫ്ളാറ്റ് താമസക്കാര്‍ എന്നിവര്‍ക്ക് നേരിട്ടെത്തി പിഴചുമത്തി സംഖ്യ ഈടാക്കുന്ന രീതിയാണ് സ്വീകരിക്കുക. ഇതിനായി ആരംഭിക്കുന്ന പ്രചാരണപ്രവര്‍ത്തനത്തിന്റെ മുന്നോടിയായി അഭ്യന്തര മന്ത്രാലയം, സിവില്‍ ഇന്‍ഫോര്‍മേഷന്‍, പരിസ്ഥിതി വകുപ്പ് തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുമായി ഏകോപനം സാധ്യമാക്കുമെന്നും അബ്ദുള്ള അല്‍ കന്ദരി അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍