ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ വീണ്ടും ആക്രമണം
Wednesday, January 14, 2015 8:27 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും പള്ളിക്കുനേരെ ആക്രണം. ഡല്‍ഹി അതിരൂപതയുടെ കീഴിലുള്ള വികാസ്പുരി ഔര്‍ ലേഡി ഓഫ് ഗ്രേസസ് എന്ന പള്ളിക്കുനേരെയാണ് കഴിഞ്ഞ രാത്രി ആക്രമണമുണ്ടായത്. പള്ളിയുടെ കോമ്പൌണ്ടിലുള്ള രൂപക്കൂട് അടിച്ചു തകര്‍ത്ത നിലയില്‍ കണ്െടത്തുകയായിരുന്നു. പള്ളിയിലും പരിസരത്തുമായി സ്ഥാപിച്ച സിസി ടിവി കാമറയില്‍ ആക്രമണ സംഭവം പൂര്‍ണമായും പതിഞ്ഞിട്ടുണ്ട്.

ഇന്നലെ പുലര്‍ച്ചെ നലരയോടെയായിരുന്നു സംഭവം. മോട്ടോര്‍ ബൈക്കിലെത്തിയ മൂവര്‍ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് സിസിടിവിയില്‍ നിന്നു വ്യക്തമായിട്ടുണ്ട്. ഒരാള്‍ ഗ്രോട്ടോയുടെ ഗ്ളാസ് തകര്‍ത്തപ്പോള്‍ മറ്റൊരാള്‍ അതിനുള്ളിലുണ്ടായിരുന്ന മാതാവിന്റെ രൂപം തള്ളി താഴെയിടുകയായിരുന്നുവെന്ന് അസിസ്റന്‍ഡ് വികാരി ഫാ. ബല്‍രാജ് ലൂര്‍ദ്സ്വാമി പറഞ്ഞു. സിഖ് വേഷധാരികളാണെന്നും കണ്െടത്തിയിട്ടുണ്ട്. എന്നാല്‍, പള്ളിക്കുള്ളില്‍ കയറാന്‍ ആക്രമികള്‍ക്കു കഴിഞ്ഞിട്ടില്ല. സംഭവത്തെകുറിച്ച് അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഉന്നത പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

കഴിഞ്ഞ ഏഴ് ആഴ്ചകള്‍ക്കുള്ളില്‍ ഡല്‍ഹിയിലെ ദേവാലയങ്ങള്‍ക്കെതിരേ നടക്കുന്ന നാലാമത്തെ ആക്രമണ സംഭവമാണ് ഇന്നലെയുണ്ടായത്. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷമുണ്ടായ സംഭവമെന്ന നിലയിലും പ്രശ്നം ചര്‍ച്ചാ വിഷയമായിട്ടുണ്ട്. മതവികാരം ഇളക്കിവിടാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും വന്‍ ഗൂഡാലോചന ഇതിനു പിന്നിലുണ്െടന്നും അതിരൂപത ചാന്‍സലര്‍ ഫാ. മാത്യു കോയിക്കലും വക്താവ് ഫാ. സവാരിമുത്തു ശങ്കറും ആരോപിച്ചു.

നാലു സംഭവങ്ങള്‍ തമ്മില്‍ വലിയ ബന്ധങ്ങളുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പുമായി ഈ സംഭവങ്ങള്‍ക്കു ബന്ധമുണ്െടന്നു തോന്നുന്നില്ല. മുമ്പുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നിലുള്ളവരെ ഇതുവരെ കണ്െടത്താനോ പിടികൂടാനോ കഴിയാത്തതാണ് ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നതെന്നും ഫാ. സവാരിമുത്തു ശങ്കര്‍ ചൂണ്ടിക്കാട്ടി.

2014 ഡിസംബര്‍ ഒന്നിനായിരുന്നു ദില്‍ഷാദ് ഗാര്‍ഡനിലെ സെന്റ് സെബാസ്റ്യന്‍സ് പള്ളി പൂര്‍ണമായും തീവച്ചു നശിപ്പിച്ചത്. അതിനുശേഷം ജസോളയിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമ ഫൊറാന പള്ളിക്കു നേരെ കല്ലേറുണ്ടാവുകയും രോഹിണിയിലെ പള്ളിയിലുണ്ടാക്കിയിരുന്ന പുല്‍ക്കൂട് തീവച്ച് നശിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പോലീസ് ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.