ബ്രോംമിലി സ്നേഹവീടിന്റെ ക്രിസ്തുമസ്, പുതുവത്സരാഘോഷം വര്‍ണാഭമായി
Wednesday, January 14, 2015 6:25 AM IST
ലണ്ടന്‍: ബ്രോംമിലി സ്നേഹവീടിന്റെ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങള്‍ വര്‍ണാഭമായി. ഉച്ചഭക്ഷണത്തോടുകൂടി ആരംഭിച്ച ആഘോഷങ്ങളില്‍ ബ്രോംമിലി സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. ടോം പുതുവത്സര സന്ദേശം നല്‍കി സ്നേഹവീടിന്റെ 2015 ലെ കലണ്ടര്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാവിരുന്നുകള്‍ അരങ്ങേറി.

അസിസ്റന്റ് വികാരി ഫാ. സാജു പിണക്കാട്ട് ഏവര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. മെറിലും സംഘവും അവതരിപ്പിച്ച സ്വാഗത നൃത്തത്തോടു കൂടി കലാപരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് സ്നേഹവീടിന്റെ കുരുന്നുകള്‍ ഉണ്ണിയേശുവിന്റെ ജനനം ദൃശ്യവത്കരിച്ചു. ആനന്ദിന്റെയും ആന്‍സിയുടെയും ഗാനങ്ങള്‍ സ്നേഹവീടിന്റെ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറംപകര്‍ന്നു. റെനീം, ഇസബെല്‍, എന്നിവര്‍ അവതരിപ്പിച്ച നൃത്തങ്ങള്‍ സദസിനു ആവേശം പകര്‍ന്നു. ഐസക്കും ഹന്നയും കീബോര്‍ഡില്‍ വായിച്ച ഗാനങ്ങള്‍ കാതുകള്‍ക്ക് കുളിര്‍മയായി. സിസ്റര്‍ ഫില്‍സി എല്ലാവര്‍ക്കും പുതുവത്സര ആശംസകള്‍ നേര്‍ന്നു. സ്നേഹവീടിന്റെ അംഗങ്ങള്‍ ചേര്‍ന്ന് പഴയ മലയാള ഗാനങ്ങള്‍ക്ക് നൃത്തംവച്ചത് ശ്രദ്ധേയമായി. സ്നേഹവീടിനു വേണ്ടി സുനില്‍ നന്ദി അറിയിച്ചു. ദേശീയ ഗാനത്തോടുകൂടി സ്നേഹവീടിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് തിരശീല വീണു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ