സംഭാഷണത്തിന്റെ തത്സമയ പരിഭാഷയ്ക്ക് ഗൂഗിള്‍ ആപ്പ്
Tuesday, January 13, 2015 10:00 AM IST
ബര്‍ലിന്‍: സംഭാഷണങ്ങള്‍ തത്സമയം പരിഭാഷപ്പെടുത്താന്‍ സാധിക്കുന്ന ആപ്ളിക്കേഷന്‍ ഗൂഗ്ളിന്റെ അണിയറയില്‍ തയാറാകുന്നതായി സൂചന. വിവിധ ഭാഷകളിലുള്ള സംഭാഷണങ്ങള്‍ തിരിച്ചറിയാന്‍ ശേഷിയുള്ളതായിരിക്കുമത്രെ ആന്‍ഡ്രോയ്ഡ് ആപ്പ്.

വ്യത്യസ്ത ഭാഷക്കാര്‍ക്ക് പരസ്പരം ഭാഷ അറിയില്ലെങ്കില്‍പോലും അനായാസം ആശയവിനിമയം സാധ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.

90 ഭാഷകളുടെ പരിഭാഷ ടെക്സ്റ് ആയി നല്‍കാന്‍ ഗൂഗ്ളിന് ഇപ്പോള്‍ സാധിക്കുന്നുണ്ട്. ഇവയില്‍ ചിലതിന്റെ സംഭാഷണവും പരിഭാഷപ്പെടുത്താന്‍ സാധിക്കുന്നു എങ്കിലും ഇത് തത്സമയമല്ല. പുതിയ ട്രാന്‍സ്ളേറ്റ് ആപ്ളിക്കേഷന്‍ ഈ രംഗത്ത് വിപ്ളവകരമായ ചുവടുവയ്പ്പാകുമെന്നാണ് വിലയിരുത്തല്‍.

മൈക്രോസോഫ്റ്റിന്റെ സ്കൈപ്പ് സ്പീച്ച് ട്രാന്‍സ്ളേഷന്‍ ടൂളിന്റെ ബീറ്റ വെര്‍ഷനായിരിക്കും ഗൂഗ്ള്‍ ആപ്പ് മാതൃകയാക്കുക എന്നറിയുന്നു. ഇംഗ്ളീഷും സ്പാനിഷും തമ്മിലുള്ള വീഡിയോ ആശയവിനിമയങ്ങള്‍ പരിഭാഷപ്പെടുത്താന്‍ സ്കൈപ്പ് ട്രാന്‍സ്ളേറ്റ് ടൂളിനു സാധിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍