സൌദി ഇന്ത്യന്‍ ലോയേഴ്സ് ഫോറം നിയമ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു
Tuesday, January 13, 2015 9:53 AM IST

ജിദ്ദ: സൌദിയിലെ ഇന്ത്യന്‍ അഭിഭാഷകരുടെ കൂട്ടായ്മയായ സൌദി ഇന്ത്യന്‍ ലോയേഴ്സ് ഫോറം പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ നിയമങ്ങളെകുറിച്ച് അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഇന്ത്യന്‍ നിയമങ്ങളെകുറിച്ച് ഓപ്പണ്‍ ഫോറങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കും. കൂടാതെ പ്രവാസികള്‍ക്ക് പ്രതിഫലം കൂടാതെ നിയമസഹായം നല്‍കും. മാത്രവുമല്ല സൌദി നിയമത്തെ കുറിച്ച് പ്രത്യേകിച്ച് ക്രിമിനല്‍, തൊഴില്‍ നിയമത്തെ കുറിച്ച് ബോധവത്കരണം നടത്താനും പദ്ധതിയുണ്ട്. ജിദ്ദയിലെയും പരിസര പ്രദേശത്തെയും ഇന്ത്യക്കാരായ നിയമ ബിരുദധാരികളെ ഈ കൂട്ടായ്മയില്‍ പങ്കാളികളാക്കാനും അവരുടെയും സഹായങ്ങള്‍ സമൂഹത്തിനു പ്രയോജനപ്പെടുത്തുവാനും സംഘടന ലക്ഷ്യമിടുന്നു. ജിദ്ദയിലെ മറ്റു വിവിധ കലാ,സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ അവരുടെ വ്യത്യസ്ത സാംസ്കാരിക പരിപാടികളിലും കൂടാതെ, നിയമപരമായ ക്ളാസുകള്‍, ചര്‍ച്ചകള്‍ എന്നിവയിലും പങ്കെടുക്കാനും കൂടാതെ അവ ഏറ്റെടുത്ത് നടത്താനും ലോയേഴ്സ് ഫോറം സന്നദ്ധമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സംഘടനയില്‍ അംഗങ്ങളാകുവാന്‍ ആഗ്രഹിക്കുന്നവര്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഷംസുദ്ദീന് ഓലശേരി (0530607608) യുമായി ബന്ധപ്പെടുക.

പത്രസമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ. കെ.എച്ച്.എം. മുനീര്‍, ജനറല്‍ സെക്രട്ടറി അഡ്വ. ഷംസുദ്ദീന് ഓലശേരി, അഡ്വ. ഷംസുദ്ദീന് അരീക്കോട്, അഡ്വ. ഷരീഫ്, അഡ്വ. മുനീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍